22 September, 2019 05:24:58 PM


പൊലീസിനു നേരെ പെട്രോൾ ബോംബ് പ്രയോഗം, ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുക്കൽ; ഒരാൾ കൂടി പിടിയിൽ



ഏറ്റുമാനൂർ: അതിരമ്പുഴയിൽ പൊലീസിനു നേരെ പെട്രോൾ ബോംബ് എറിയുകയും ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിൽ. അതിരമ്പുഴ പാറോലിക്കൽ കൊക്കരക്കൊച്ചുപറമ്പിൽ ആൽബിൻ ബിജു (18)വിനെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. 


കേസിൽ  അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കോട്ടമുറി പ്രിയദർശിനി കോളനിയിൽ അമ്പലത്തറ സുധി മിൻരാജ് (19), കൊച്ചുപുരയ്ക്കൽ വീട്ടിൽ ആൽബിൻ കെ.ബോബൻ (20), മാടപ്പള്ളി വീട്ടിൽ ബിബിൻ ബെന്നി (18) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ചാമനും പിടിയിലാകുന്നത്.


പൊലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ പ്രതികൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം ആലപ്പുഴയിൽ ട്രെയിൻ ഇറങ്ങി. ഇവിടെ നിന്നും ഒരു ഓട്ടോറിക്ഷയിൽ ഏറ്റുമാനൂരിലേയ്ക്ക് പുറപ്പെട്ട  പ്രതികൾ ഓട്ടോ ഡ്രൈവർക്ക് നേരെ കുരുമുളക് സപ്രേ പ്രയോഗിച്ച ശേഷം പണം തട്ടിയെടുത്ത് രക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസിലെ നാലു പ്രതികൾ പിടിയിലായത്. ഞായറാഴ്ച ആൽബിൻ ഏറ്റുമാനൂരിൽ എത്തിയതായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എസ്.ഐ അനൂപ് സി.നായർ, എ.എസ്.ഐ ജയരാജ് , സിവിൽ പൊലീസ് ഓഫിസർ സജീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K