21 September, 2019 09:09:13 PM


ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍റെ വാഹനം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പോലീസ് പിടിച്ചെടുത്തു



ഏറ്റുമാനൂര്‍: പാലാ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് വിട്ടു നല്‍കാഞ്ഞതിനെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിന്‍റെ ഔദ്യോഗിക വാഹനം ജില്ലാ കളക്ടര്‍ പിടിച്ചെടുത്തു. കളക്ടര്‍.പി.കെ.സുധീര്‍ ബാബുവിന്‍റെ നിര്‍ദ്ദേശപ്രകാരം  ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ എ.ജെ.തോമസ് ശനിയാഴ്ച രാവിലെ വാഹനം പിടിച്ചെടുത്ത് മീനച്ചില്‍ തഹസില്‍ദാര്‍ക്ക് കൈമാറി. നഗരസഭയുടെ ഇന്നോവ കാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് 18 ന് കളക്ടര്‍ നഗരസഭയ്ക്ക് കത്ത് നല്‍കിയിരുന്നു.


വാഹനം വിട്ടു നല്‍കാന്‍ ചെയര്‍മാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് രണ്ടുവട്ടം കൂടി കളക്ട്രേറ്റില്‍ നിന്ന് അറിയിപ്പ് നല്‍കി. എന്നിട്ടും വാഹനം വിട്ടു നല്‍കാന്‍ ചെയര്‍മാന്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്നാണ് വാഹനം പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. തെരഞ്ഞെടുപ്പിനോട് നിസഹകരിയ്ക്കുന്നത് ഗുരുതരമായ ചട്ടലംഘനമായാണ് കണക്കാക്കുന്നത്. വാഹനം വിട്ടു നല്‍കുന്നതില്‍ നടപടിയെടുക്കാതിരുന്ന നഗരസഭാ സെക്രട്ടറിയ്‌ക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടായേക്കും. നാളെയാണ് തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം.


നഗരസഭയുടെ ആകെയുള്ള മൂന്ന് വാഹനങ്ങളില്‍ രണ്ട് എണ്ണവും നേരത്തെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി വിട്ടു കൊടുത്തിരുന്നുവെന്നും തന്‍റെ ഔദ്യോഗികവാഹനം വിട്ടുനല്‍കുന്നതിലുള്ള ബുദ്ധിമുട്ട് രേഖാമൂലം കളക്ടറെ അറിയിച്ചിരുന്നുവെന്നും ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് പറയുന്നു. എട്ടും പത്തും വാഹനങ്ങളുള്ള നഗരസഭകളില്‍ നിന്നും ഒന്നോ രണ്ടോ വാഹനങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എടുത്തിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ കളക്ടറുടെ നടപടിയെ ചോദ്യം ചെയ്ത് ഇലക്ഷന്‍ കമ്മീഷന് താന്‍ പരാതി നല്‍കിയതായും ജോര്‍ജ് പുല്ലാട്ട് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K