16 September, 2019 01:34:46 AM


മുണ്ടക്കയത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അൻപതോളം യാത്രക്കാർക്ക് പരിക്ക്



മുണ്ടക്കയം: മുണ്ടക്കയത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അൻപതോളം യാത്രക്കാർക്ക് പരിക്കേറ്റു. കുമളി റോഡിൽ മുപ്പത്തൊന്നാം മൈലിലായിരുന്നു അപകടം.  അമിത വേഗത്തിൽ ദിശ തെറ്റിച്ചെത്തിയ കെ.എസ്ആർ.ടി.സി ബസ് സ്വകാര്യ ബസിന്‍റെ മുൻഭാഗത്തേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ ഡ്രൈവിങ് സീറ്റിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ വാതിൽ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

        
മുണ്ടക്കയത്തുനിന്നും ചങ്ങനാശേരിയിലേയ്ക്കു വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സും മുണ്ടക്കയം വഴി കട്ടപ്പനയ്ക്കു പോകുകയായിരുന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. കനത്ത മഴയിൽ റോഡ് തെന്നിക്കിടന്നതും അപകടത്തിന്‍റെ ആക്കം കൂട്ടി. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും ഇരുപത്താറാം മൈലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പത്തോളം യാത്രക്കാരെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മുണ്ടക്കയം പൊലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K