14 September, 2019 10:45:43 PM


അമിത് ഷായുടെ ഏക ഭാഷാ വാദത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം


Amit Shah, Hindi


ബംഗളുരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഏക ഭാഷാ വാദത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ബംഗളുരുവില്‍ കന്നഡ ഭാഷാ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. കര്‍ണാടക രണധീര പാഡെ ഉള്‍പ്പെടെയുള്ള സംഘടനകളാണ് നഗരത്തില്‍ പ്രതിഷേധിച്ചത്.

ഹിന്ദി ദിവസ് കരിദിനമായി ആചരിക്കാനും പ്രകടനം നടത്താനും കര്‍ണാടക രണധീര പാഡെ ആഹ്വാനം ചെയ്തിരുന്നു. ഹിന്ദി ദിവസ് ആവശ്യമില്ല, ഭാരത് ഭാഷാ ദിനം വേണം തുടങ്ങിയ ഹാഷ്ടാഗുകളുമായാണ് കര്‍ണാടകയിലെ പ്രതിഷേധം. കര്‍ണാടകയ്ക്ക് പുറമെ പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും ഹിന്ദി ദിവസ് ആചരണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദ്രാവിഡ കക്ഷികളുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലും പ്രതിഷേധം ശക്തമാവുകയാണ്.

ഒരു രാജ്യം ഒരു ഭാഷ അനിവാര്യമാണെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നും അമിത് ഷാ പ്രസ്താവിച്ചിരുന്നു. രാജ്യത്തെ ഒരുമിപ്പിക്കേണ്ട ഭാഷ അനിവാര്യമാണെന്നും ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നും മഹാത്മാ ഗാന്ധിയും സര്‍ദാര്‍ വല്ലഭായ് പട്ടേലും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K