14 September, 2019 09:44:27 PM


വോട്ടിംഗ്, വി.വി. പാറ്റ് യന്ത്രങ്ങള്‍ ഏറ്റുമാനൂരില്‍ നിന്നും പാലായില്‍ എത്തിച്ചു; ബൂത്തുകളും നിര്‍ണയിച്ചു



പാലാ: ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ്, വി.വി. പാറ്റ് യന്ത്രങ്ങള്‍ പാലാ കാര്‍മല്‍ സ്കൂളിലെ സ്ട്രോംഗ് റൂമില്‍ എത്തിച്ചു. ഓരോ പോളിംഗ് ബൂത്തിലും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള അന്തിമ റാന്‍ഡമൈസേഷനും ഇന്ന് പൂര്‍ത്തിയായി.  ഏറ്റുമാനൂരിലെ ഇ.വി.എം വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരുന്ന യന്ത്രങ്ങള്‍ ഇന്നു  രാവിലെ വരണാധികാരി എസ്. ശിവപ്രസാദിന്‍റെയും ഉപവരണാധികാരി ഇ. ദില്‍ഷാദിന്‍റെയും നേതൃത്വത്തിലാണ് രണ്ടു വാഹനങ്ങളിലായി പ്രത്യേക പോലീസ് സുരക്ഷയോടെ മണ്ഡലത്തിലേക്ക് കൊണ്ടുപോയത്.


വോട്ടിംഗ് യന്ത്രത്തിന്‍റെ കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകള്‍ 212 എണ്ണം വീതവും വിവിപാറ്റ് യന്ത്രങ്ങള്‍ 229 എണ്ണവുമാണ് എത്തിച്ചത്. 176 ബൂത്തുകളിലേക്കുമുള്ള ഒന്നുവീതം യന്ത്രങ്ങള്‍ക്കു പുറമെ ആകെ ബൂത്തുകളുടെ എണ്ണത്തിന്‍റെ 20 ശതമാനം വോട്ടിംഗ് യന്ത്രങ്ങളും 30 ശതമാനം വിവിപാറ്റ് യന്ത്രങ്ങളും അധികമായി കരുതണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരമാണിത്.


കാര്‍മല്‍ സ്കൂള്‍ വളപ്പില്‍ സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് വാഹനങ്ങളുടെ സീല്‍ തുറന്ന് യന്ത്രങ്ങള്‍ പുറത്തെടുത്തത്. വോട്ടിംഗ്, വിവി പാറ്റ് യന്ത്രങ്ങളുടെ ബൂത്തുകള്‍ നിര്‍ണയിക്കുന്നതിനുള്ള റാന്‍ഡമൈസേഷന്‍ വൈകുന്നേരം ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്നു. പൊതു നിരീക്ഷക ഡോ. പൂര്‍ണിമ ചൗഹാന്‍, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, വരണാധികാരി എസ്. ശിവപ്രസാദ്, സ്ഥാനാര്‍ഥികള്‍ ഏജന്‍റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍.  


റാന്‍ഡമൈസ് ചെയ്ത പട്ടികയുടെ അടിസ്ഥാനത്തില്‍ ബൂത്ത് നമ്പര്‍ അനുസരിച്ചാണ് സ്ട്രോംഗ് റൂമില്‍  യന്ത്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.  സ്ട്രോംഗ് റൂമിന് മൂന്നു തലങ്ങളിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 16ന് രാവിലെ എട്ടിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പുറത്തെടുക്കുന്ന യന്ത്രങ്ങളില്‍ ബാലറ്റ് പേപ്പറുകള്‍ വച്ച് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും. പോളിംഗ് ജോലിക്ക് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനുള്ള രണ്ടാമത്തെ റാന്‍ഡമൈസേഷനും ഇന്നു നടന്നു.  പോളിംഗ് ഉദ്യോഗസ്ഥരുടെ അന്തിമ റാന്‍ഡമൈസേഷന്‍ സെപ്റ്റംബര്‍ 21നാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K