04 September, 2019 04:38:37 PM


ഏറ്റുമാനൂരിലെ വ്യാപാര സമുശ്ചയം നിര്‍മ്മാണം: വിശദീകരണം ആവശ്യപ്പെട്ട് നഗരസഭാ സ്റ്റിയറിംഗ് കമ്മറ്റി




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ പണിയുന്ന മള്‍ട്ടിപ്ലക്സ് തീയറ്ററുകളുള്‍പ്പെട്ട വ്യാപാരസമുശ്ചയത്തിന്‍റെ നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നെന്ന നഗരസഭാ എഞ്ചിനീയറുടെ കത്ത് ചര്‍ച്ചയ്ക്കെടുക്കണമെന്നും നിജസ്ഥിതി വെളിപ്പെടുത്തണമെന്നും നഗരസഭാ സ്റ്റിയറിംഗ് കമ്മറ്റി. സംഭവം വിവാദമായതോടെ ഇതേ ആവശ്യവുമായി കൂടുതല്‍ കൌണ്‍സിലര്‍മാര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം നടന്ന സ്റ്റിയറിംഗ് കമ്മറ്റി ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണമെന്ന് ആവശ്യപ്പെട്ട യോഗം എത്രയും പെട്ടെന്ന് കൌണ്‍സില്‍ വിളിച്ച് വിശദീകരണം നല്‍കണമെന്ന് ചെയര്‍മാനോട് ആവശ്യപ്പെട്ടു.

കെട്ടിടനിര്‍മ്മാണത്തിന് കരാര്‍ വെച്ചതുമുതലുള്ള കാര്യങ്ങളില്‍ ക്രമക്കേട് ചൂണ്ടികാട്ടി നഗരസഭാ എഞ്ചിനീയര്‍ ചെയര്‍മാന് കത്ത് നല്‍കിയത് കൈരളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ കൈരളി വാര്‍ത്തയിലും മറ്റ് ദിനപത്രങ്ങളിലും വന്ന വാര്‍ത്ത വ്യാജവാര്‍ത്തയാണെന്ന ആരോപണവുമായി നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് രംഗത്തെത്തി. വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞിരുന്നു. ചെയര്‍മാന്‍റെ വാക്കുകള്‍ അപ്പാടെ വിഴുങ്ങിയ മലയാളത്തിലെ നമ്പര്‍ വണ്‍ പത്രവും കോട്ടത്തുനിന്നുള്ള ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലും അദ്ദേഹത്തിനനുകൂലമായി വാര്‍ത്തയും നല്‍കി. ഇതോടെ ഏറ്റുമാനൂരിലെ ജനങ്ങള്‍ ആശയക്കുഴപ്പത്തിലുമായി. ചെയര്‍മാന് എഞ്ചിനീയര്‍ കത്ത് നല്‍കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ഒരു വിഭാഗം കൌണ്‍സിലര്‍മാര്‍. 

താന്‍ കണ്ടെത്തിയ ക്രമക്കേടുകളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടെ കൌണ്‍സിലില്‍ ചര്‍ച്ചയ്ക്കു വെക്കണമെന്ന ആവശ്യവുമായി അജണ്ട തയ്യാറാക്കിയതുള്‍പ്പെടെ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ കത്ത് നല്‍കി ഒരു മാസമായിട്ടും ചെയര്‍മാന്‍ കൌണ്‍സില്‍ വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാത്തത് അംഗങ്ങളില്‍ കൂടുതല്‍ സംശയം ഉളവാക്കിയിരുന്നു. ഇതോടെ കൂടുതല്‍ അംഗങ്ങള്‍ കരാര്‍ വെച്ചതിന് പിന്നിലെ നിജസ്ഥിതി വെളിപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. കൌണ്‍സിലില്‍ കാര്യമായ ചര്‍ച്ചകള്‍ നടത്താതെയും അംഗങ്ങളെ കാര്യങ്ങള്‍ ബോധിപ്പിക്കാതെയുമാണ് വപ്കോസുമായി കരാര്‍ ഉറപ്പിച്ചതെന്നും കൌണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. 

വ്യാപാരസമുശ്ചയത്തിന്‍റെ നിര്‍മ്മാണച്ചുമതല ഏറ്റെടുത്ത കേന്ദ്ര സര്‍ക്കാര്‍ എജന്‍സിയായ വാപ്കോസിന് സെന്‍റേജ് ചാര്‍ജായി 44 ലക്ഷം രൂപ നല്‍കുവാന്‍ നഗരസഭാ കൌണ്‍സില്‍ തീരുമാനിക്കുകയും ഫയല്‍ പുതുതായി ചാര്‍ജെടുത്ത അസിസ്റ്റന്‍റ് എഞ്ചിനീയറുടെ പക്കല്‍ എത്തുകയും ചെയ്തതോടെയാണ് ക്രമക്കേടുകളുടെ ചുരുളഴിയുന്നത്. പ്രോജക്ട് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സിയായി പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള വാപ്കോസുമായി നഗരസഭ കരാറിലേര്‍പെട്ടത് പിഎംസി എന്ന നിലയ്ക്ക് മാത്രമല്ല. എഞ്ചിനീയറിംഗ് വിഭാഗത്തിന് ഒരു പങ്കുമില്ലാത്ത നിലയില്‍ മുഴുവന്‍ നിര്‍മ്മാണവും നടത്തി കെട്ടിടം നഗരസഭയ്ക്ക് കൈമാറാമെന്ന നിലയിലുള്ള എഗ്രിമെന്‍റാണ് വെച്ചിരിക്കുന്നതത്രേ. എന്നാല്‍ ഈ കരാര്‍ ശരിയല്ലെന്നാണ് അസിസ്റ്റന്‍റ് എഞ്ചിനീയറുടെ നിലപാട്.

2017ലെ ഹൈക്കോടതി വിധിയ്ക്ക് വിരുദ്ധമായി നഗരസഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് നിയമോപദേശം തേടണമെന്നും പിഎംസി ബിഡുകള്‍ ക്ഷണിച്ചതിലുള്ള അപര്യാപ്തതകള്‍ ക്രമവല്‍ക്കരിക്കുന്നതിന് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചുള്ള അസിസ്റ്റന്‍റ് എഞ്ചിനീയറുടെ കത്തില്‍ ക്രമക്കേടുകള്‍ അക്കമിട്ടു നിരത്തുന്നുണ്ട്. സര്‍ക്കാരിന്‍റെ ഏത് നിര്‍മ്മാണപ്രവ‍ൃത്തികളിലും അക്രഡിറ്റഡ് ഏജന്‍സികള്‍ പാലിക്കേണ്ട കാര്യങ്ങള്‍ എഗ്രിമെന്‍റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിര്‍മ്മാണം ഏറ്റെടുത്ത വാപ്കോസ് നിര്‍മ്മാണത്തിന്‍റെ പുരോഗതികള്‍ നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തെ ഇന്നേവരെ അറിയിച്ചിട്ടില്ല. നിയമസാധുതയില്ലാതെ വാപ്കോസുമായി വെച്ച കരാര്‍ പുനപരിശോധിക്കണം. ആവശ്യമെങ്കില്‍ കരാര്‍ റദ്ദ് ചെയ്ത് പദ്ധതി നിര്‍വ്വഹണ ചുമതല നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തെ ഏല്‍പ്പിക്കണം. അസിസ്റ്റന്‍റ് എഞ്ചിനീയര്‍ കത്തില്‍ ആവശ്യപ്പെടുന്നു

സ്വകാര്യ ബസ് സ്റ്റാന്‍റിലേക്കുള്ള വഴിയില്‍ ചിറക്കുളത്തിനോട് ചേര്‍ന്ന് എം.സി. റോഡിന് അഭിമുഖമായി 58 കടമുറികളും 240 സീറ്റുകളുള്ള മള്‍ട്ടിപ്ലക്സ് സിനിമാ തീയറ്ററും അടങ്ങുന്നതാണ് വിവാദമായ പദ്ധതി. പദ്ധതിയുടെ നിര്‍മ്മാണത്തിന് ടെന്‍ഡര്‍ വിളിക്കേണ്ടതും പ്രോജക്ട് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സി (പിഎംസി)യെ കണ്ടെത്തേണ്ടതും നിര്‍വ്വഹണ ഉദ്യോഗസ്ഥനായ നഗരസഭാ അസിസ്റ്റന്‍റ് എഞ്ചിനീയറാണ്. എന്നാല്‍ ഇതിനുപകരം നഗരസഭാ സെക്രട്ടറി അക്രഡിറ്റഡ് ഏജന്‍സികളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിക്കുകയും അതില്‍ വാപ്കോസ് ലിമിറ്റഡിന് സെലക്ഷന്‍ മെമ്മോ നല്‍കുകയും ചെയ്തത് ക്രമവിരുദ്ധമായിട്ടാണെന്നാണ് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ചൂണ്ടികാട്ടിയത്. 

18 മാസംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കരാര്‍ ഏറ്റെടുത്ത വാപ്കോസ് ആകട്ടെ ഒരു സ്വകാര്യ കമ്പനിയ്ക്ക് സബ് കോണ്‍ട്രാക്ട് നല്‍കി. 27 കോടി രൂപയാണ് 4500ഓളം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടത്തിന് അടങ്കല്‍ തുക. എന്നാലിത് പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിട്ടുള്ള തുകയുടെ മൂന്നിരട്ടിയാണത്രേ. തൊടുപുഴയില്‍ 5500 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഷോപ്പിംഗ് കോംപ്ലക്സ് നഗരസഭ 10 കോടി രൂപയ്ക്ക് പണിയുമ്പോള്‍ ഇവിടെ 27 കോടി രൂപ ചെലവഴിക്കുന്നതിലെ സാങ്കേതികത്വവും അംഗങ്ങള്‍ ചോദ്യം ചെയ്യുന്നു.

കേരളാ അര്‍ബന്‍ റൂറല്‍ ഡെവലപ്പ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ നല്‍കുന്ന 15 കോടി രൂപയും നഗരസഭയുടേയും കടകള്‍ വാടകയ്ക്ക് എടുക്കുന്ന വ്യാപാരികളുടെയും വിഹിതമായി 12 കോടി രൂപയുമാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷം തികയുമ്പോള്‍ മാസതവണകളായി വായ്പാ തിരിച്ചടവ് തുടങ്ങും. എന്നാല്‍ മുതലും പലിശയും കൂടി കോടികള്‍ തന്നെ തിരിച്ചടവിന് വേണ്ടിവരും. ഇതോടെ, കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന നഗരസഭയിലെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ വെട്ടിചുരുക്കേണ്ടിവരും. ഇത് വാര്‍ഡ് തലത്തില്‍ നടക്കേണ്ട പദ്ധതികള്‍ എല്ലാം അവതാളത്തിലാകുവാന്‍ കാരണമാകുമെന്നാണ് ഒരു വിഭാഗം അംഗങ്ങള്‍ പറയുന്നത്. നഗരസഭ തുടങ്ങിവെച്ച എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കാനാവാതെ പാതി വഴിയില്‍ നില്‍ക്കുമ്പോള്‍, ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് ഭരണസമിതി വ്യഗ്രത കാട്ടുന്നത് ജനങ്ങളുടെയിടയിലും സംശയത്തിനിട നല്‍കിയിരിക്കുകയാണ്.


ഏറ്റുമാനൂര്‍ നഗരസഭാ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ചെയര്‍മാന് നല്‍കിയ കത്തിലെ പ്രസക്തഭാഗങ്ങള്‍


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K