30 August, 2019 09:34:15 AM


നീണ്ടൂരിൽ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ പിടിച്ചെടുത്തത് അഞ്ചു കിലോ കഞ്ചാവ്; മൂന്ന് പേര്‍ അറസ്റ്റില്‍



കോട്ടയം: നീണ്ടൂരില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട അഞ്ചു കിലോ കഞ്ചാവുമായി നീണ്ടൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് പിടികൂടി. പിന്നാലെ കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ സംഘത്തില്‍പെട്ട യുവാവിനെ ആര്‍പ്പൂക്കരയില്‍ നിന്നും പോലീസ് പിടികൂടി. നീണ്ടൂര്‍ കൈപ്പുഴ കുര്യാറ്റുകുന്ന് വീട്ടില്‍ പാപ്പന്‍റെ മകന്‍ ജയ്‌മോന്‍ എന്ന ജേപ്പന്‍ (39), കൈപ്പുഴ ആദംപ്പള്ളില്‍ കൃഷ്ണന്‍കുട്ടിനായരുടെ മകന്‍ രാജീവന്‍ എന്ന ഉണ്ണി (39) എന്നിവരാണ് കുഴിച്ചിട്ട കഞ്ചാവുമായി പിടിയിലായത്. കൈപ്പുഴ കുര്യാറ്റുകുന്ന് വീട്ടില്‍ മാധവന്‍റെ മകന്‍ മഹേഷ്കുമാര്‍ (40) ആണ് ആര്‍പ്പൂക്കര വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിന് സമീപത്തുനിന്നും പിടിയിലായത്.

കുട്ടോമ്പുറം ഷാപ്പിന് സമീപത്ത് കഞ്ചാവ് വില്‍പ്പനയ്ക്ക് ശ്രമിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് കഴിഞ്ഞ രാത്രി ജയ്മോനും രാജീവനും പിടിയിലായത്. അര കിലോ കഞ്ചാവുമായി പിടിയിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് ഒളിപ്പിക്കുന്ന പുതിയ രീതി വെളിച്ചത്താവുന്നത്. ഇവരെയും കൂട്ടി വീടിനു സമീപത്ത് നടത്തിയ തെരച്ചിലില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ടിരിക്കുന്ന നാലര കിലോ കഞ്ചാവും കണ്ടെടുത്തു.  ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കമ്പത്തും നിന്നും മറ്റും എത്തിക്കുന്ന കഞ്ചാവ് വ്യാപകമായി വിതരണം ചെയ്യുന്നതായി വെളിപ്പെട്ടത്. 


തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെ ആര്‍പ്പൂക്കര ഭാഗത്ത് നടത്തിയ തെരച്ചിലില്‍ മഹേഷ്കുമാറും പിടിക്കപ്പെട്ടു. പിടിയിലാവുമ്പോള്‍ ഇയാളുടെ പക്കല്‍ 340 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ അതിരമ്പുഴ, ആര്‍പ്പൂക്കര, കൈപ്പുഴ, നീണ്ടൂര്‍ പ്രദേശങ്ങളില്‍ വന്‍ തോതില്‍ കഞ്ചാവ് വില്‍പന നടക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സി.ഐ അനൂപ് ജോസിന്‍റെയും ഗാന്ധിനഗര്‍ എസ്.ഐ ടി.എസ് റെനീഷിന്‍റെയും നേതൃത്വത്തില്‍ എ.എസ്.ഐ ഷിബുക്കുട്ടന്‍, എ.എസ്.ഐ സ്റ്റാന്‍ലി, സിവില്‍ പൊലീസ് ഓഫിസര്‍ അനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K