30 August, 2019 08:59:11 AM


പ്രായപൂര്‍ത്തിയാകും മുമ്പ് തന്നോടൊപ്പം ഇറങ്ങിവന്ന ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊന്നു; സംഭവം കറുകച്ചാലില്‍



കോട്ടയം: പ്രായപൂർത്തിയാകും മുമ്പ് കാമുകന്‍റെ കൂടെ ഇറങ്ങിപോന്ന യുവതിയ്ക്ക് ദാരുണാന്ത്യം. കറുകച്ചാൽ കാവുങ്കൽപ്പടി ശാന്തിപുരം കോളനിയിൽ താമസിക്കുന്ന അശ്വതി (19) ആണ് ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായ ചങ്ങനാശേരി കുരിശുമ്മൂട് കോലത്തുമലയിൽ മോഹനന്‍റെ മകൻ മനീഷി (27)നെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച അർധരാത്രി ഒന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കഞ്ചാവിന്‍റെയും മദ്യത്തിന്‍റെയും ലഹരിയിൽ എത്തിയ പ്രതി, അശ്വതിയുടെ തല ഭിത്തിയിൽ പല തവണ ഇടിപ്പിക്കുകയും, കമ്പിവടിയും തടിയും ഉപയോഗിച്ച് പല തവണ തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മനീഷിനെ പൊലീസ് പിടികൂടി ജീപ്പിൽ കയറ്റിയെങ്കിലും ഇയാൽ തല കൊണ്ട് ജീപ്പിന്‍റെ പിന്നിലെ ചില്ല് അടിച്ച് തകർത്തു.

രണ്ടു വർഷം മുൻപ് പ്രായപൂർത്തിയാകും മുൻപാണ് റാന്നി സ്വദേശിയായ അശ്വതിയെ മനീഷ് പ്രണയിച്ച് തട്ടിക്കൊണ്ടു പോന്നത്. ഈ സംഭവത്തിൽ മനീഷിനെതിരെ ചിങ്ങവനം പൊലീസ് പോക്‌സോ നിയമ പ്രകാരം കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസിനു പിടികൊടുക്കാതിരിക്കാൻ വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് വരികയായിരുന്നു മനീഷും അശ്വതിയും. ഇത്തരത്തിലാണ് ഇവർ കറുകച്ചാൽ ശാന്തിപുരം കോളനിയിൽ താമസിക്കുന്നതിനായി എത്തിയത്.

കഞ്ചാവിന്‍റെ ലഹരിയിൽ വീട്ടിലെത്തിയ മനീഷ് അശ്വതിയുമായി വാക്ക് തർക്കമുണ്ടായി. ഇതിന്‍റെ തുടർച്ചയായി മനീഷ് അശ്വതിയുടെ തല പല തവണ ഭിത്തിയിൽ ഇടിപ്പിച്ചു. അടിയുടെ ആഘാതത്തിൽ തറയിൽ വീണ അശ്വതിയുടെ തലയിൽ കമ്പിവടിയും തടിയും ഉപയോഗിച്ച് മനീഷ് അടിച്ചു. അടിയേറ്റ് ബോധരഹിതയായി അശ്വതി വീണു. ശബ്ദം കേട്ട നാട്ടുകാരാണ് വിവരം കറുകച്ചാൽ പൊലീസിൽ അറിയിച്ചത്. സ്ഥലത്ത് എത്തിയ പൊലീസ് ആംബുലൻസ് വരുത്തി അശ്വതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെ ഏഴരയോടെ മരിച്ചു.

വീടിനുള്ളിൽ നിലയുറപ്പിച്ച മനീഷിനെ ബലം പ്രയോഗിച്ച് പൊലീസ് ജീപ്പനുള്ളിൽ കയറ്റി. സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ തല ഉപയോഗിച്ച് മനീഷ് ജീപ്പിന്‍റെ പിന്നിലെ ചില്ല് തല്ലിത്തകർത്തു. തലയിൽ നിന്നും രക്തം വാർന്നൊഴുകിയ മനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. സാരമായി പരിക്കേറ്റ മനീഷിന് ഇവിടെ പ്രാഥമിക ചികിത്സ നൽകി. മനീഷിനെതിരെ കൊലക്കുറ്റത്തിന് കറുകച്ചാൽ പൊലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K