29 August, 2019 11:15:33 AM


വൈദ്യുതിബില്‍ കുടിശ്ശിക കോടികളിലേക്ക് നീങ്ങുന്നു ; ഇമ്രാന്‍ ഖാന്‍റെ ഫ്യൂസ് ഊരുമെന്ന് പാക് കറന്‍റ് കമ്പനി




ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി യുദ്ധത്തിനൊരുങ്ങുന്ന പാകിസ്താനില്‍ വൈദ്യുതി ബില്‍ കെട്ടാന്‍ പോലും മാര്‍ഗ്ഗമില്ലാതെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഓഫീസ്. ബില്‍ കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് വൈദ്യൂതി വിതരണ കമ്പനി ഇമ്രാന്‍ ഖാന്റെ ഫ്യൂസ് ഊരാന്‍ പോകുന്നു. പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന ഇസ്‌ളാമാബാദ് ഇലക്ട്രിക് സപ്‌ളേ കമ്പനി ഇക്കാര്യത്തില്‍ ഇമ്രാന്‍ ഖാന്റെ ഓഫീസിന് നോട്ടീസ് നല്‍കി. ലക്ഷങ്ങള്‍ വൈദ്യൂതി കുടിശിക ഇനത്തില്‍ നല്‍കാനുള്ളതെന്നാണ് വിവരം.


വൈദ്യൂതി ബില്ലില്‍ 41 ലക്ഷത്തോളം കടമുള്ള പാക് പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റിന് ഇതിനകം അനേകം നോട്ടീസുകള്‍ വൈദ്യുതി കമ്പനി അയച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു ഐഇഎസ് സിഒ അവസാന നോട്ടീസ് നല്‍കിയത്്. നോട്ടീസ് അയച്ചിട്ടും ഇമ്രാന്റെ ഓഫീസ് ഗൗരവത്തില്‍ എടുക്കുന്നില്ലെന്നാണ് ആരോപണം. ഇത്തവണ പണം അടച്ചില്ലെങ്കില്‍ വൈദ്യൂതി ബന്ധം വിഛേദിക്കുമെന്ന് കമ്പനി കര്‍ശനമായി പറഞ്ഞിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ഇടഞ്ഞു നില്‍ക്കുകയും യുദ്ധം നടത്തുമെന്നും ഭീഷണിപ്പെടുത്തുന്ന പാകിസ്താന് സമ്പദ് വ്യവസ്ഥ ക്രമപ്പെടുത്താന്‍ പോലും ഇതുവരെ ആയിട്ടില്ല. കടുത്ത സാമ്പത്തീക പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്.


സമ്പദ് വ്യവസ്ഥയില്‍ വാര്‍ഷിക കമ്മി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് പോയിരിക്കുന്നത്. 2018-19 സാമ്പത്തീക വര്‍ഷം 8.9 ശതമാനമായി ഇത് ഉയര്‍ന്നിരിക്കുകയാണ്. വരവിനേക്കാള്‍ അധിക ചെലവാണ് ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ വാര്‍ഷിക കമ്മി 6.6 ആയിരുന്നെന്നും അതാണ് 8.9 ശതമാനമായി ഉയര്‍ന്നിരിക്കുന്നതെന്നും ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് സാമ്പത്തീക സര്‍വേ നല്‍കുന്ന കണക്കുകള്‍ പ്രകാരം പാകിസ്താന്റെ കമ്മി ഇപ്പോള്‍ 3.445 ലക്ഷം കോടി രൂപയാണ്. 1979-80 കാലത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.


ഇമ്രാന്റെ പാര്‍ട്ടിയായ തെഹ് രീക് ഇ ഇന്‍സാഫ് സര്‍ക്കാര്‍ ഒന്നാം വര്‍ഷം ആഘോഷിക്കുമ്പോഴാണ് ഈ കണക്കുകള്‍. പാകിസ്താനിലെ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുമെന്ന് പ്രചരണം നടത്തിയായിരുന്നു ഇമ്രാന്‍ഖാന്‍ അധികാരമേറ്റത്. ലിറ്ററിന് 5.15 രൂപയും 5.65 രൂപയുമായി പെട്രോളിന്റെയും ഡീസലിന്റെയും വില ഇമ്രാന്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത് കഴിഞ്ഞ മാസമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K