05 August, 2019 08:09:38 AM


റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാന്‍: ഇന്നുമുതല്‍ കര്‍ശന വാഹനപരിശോധന; ലൈസന്‍സ് വരെ നഷ്ടപ്പെടാം




തിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി ഇന്നുമുതല്‍ കര്‍ശന വാഹനപരിശോധന ആരംഭിക്കും. മോട്ടോര്‍ വാഹനവകുപ്പും പൊലീസും വിവിധ വകുപ്പുകളുമായി സഹകരിച്ചുള്ള സംയുക്ത വാഹനപരിശോധനയാണ് നടക്കുക. ഇരുചക്രവാഹനങ്ങളിലെ എല്ലാ യാത്രക്കാരും ഹെല്‍മറ്റും കാറുകളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റും ധരിക്കുന്നുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള പരിശോധനകളോടെയാണു തുടക്കം. സംസ്ഥാനത്തെ അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്.

ഓരോ തീയതികളിലും വ്യത്യസ്ത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി കൂടുതൽ ഉണ്ടാകും. ഇന്നു മുതല്‍ 7 വരെ സീറ്റ് ബെല്‍റ്റ്, 8 മുതല്‍ 10 വരെ അനധികൃത പാര്‍ക്കിങ്, 11 മുതല്‍ 13 വരെ അമിതവേഗം (പ്രത്യേകിച്ച്‌ സ്‌കൂള്‍ മേഖലയില്‍), 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നി നിയമലംഘനങ്ങളാണ് പരിശോധിക്കുക.

20 മുതല്‍ 23 വരെ സീബ്രാ ക്രോസിങ്ങും റെഡ് സിഗ്‌നല്‍ ജംപിങ്ങും 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിങ് ഫിലിം, കോണ്‍ട്രാക്‌ട് ക്യാരിജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നിങ്ങനെ തരംതിരിച്ചാണു മറ്റു പരിശോധനകള്‍. അമിതവേഗം, മദ്യപിച്ചു വാഹനം ഓടിക്കല്‍ എന്നിവയ്ക്കു പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഇവര്‍ക്കു റോഡ് സുരക്ഷയെക്കുറിച്ച്‌ ഒരു ദിവസത്തെ ക്ലാസ് നല്‍കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K