01 August, 2019 09:12:09 PM


ഏറ്റുമാനൂര്‍ പടിഞ്ഞാറെനട കുടിവെള്ളപദ്ധതി: ജലസംഭരണി നിര്‍മ്മാണത്തിന് വൈദ്യുതി വകുപ്പിന്‍റെ സ്റ്റോപ്പ് മെമ്മോ

നടപടി വൈദ്യുതാഘാതമേറ്റ് രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന്




ഏറ്റുമാനൂര്‍:  ഒട്ടേറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ഏറ്റുമാനൂര്‍ പടിഞ്ഞാറേനട കുടിവെള്ളപദ്ധതിയ്ക്കായുള്ള ജലസംഭരണിയുടെ നിര്‍മ്മാണം നടന്നുവന്നത് അനുമതിയില്ലാതെ. കഴിഞ്ഞ ദിവസം നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വൈദ്യുതാഘാതമേറ്റതിനെ തുടര്‍ന്ന് ജലസംഭരണിയുടെ പണികള്‍ നിര്‍ത്തിവെയ്ക്കാനാവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് വാട്ടര്‍ അതോറിറ്റിയ്ക്ക് നോട്ടീസ് നല്‍കി. നിര്‍മ്മാണം നടക്കുന്ന സ്ഥലത്തോട് ചേര്‍ന്ന് ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യുതി പ്രസരണം നടക്കുന്ന ലൈനുകള്‍ ഉണ്ടെങ്കില്‍ വൈദ്യുതി ബോര്‍ഡിന്‍റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം എന്ന നിബന്ധന ഇവിടെ പാലിക്കപ്പെട്ടിരുന്നില്ല.

നഗരസഭയുടെ 34-ാം വാര്‍ഡില്‍ ഏറ്റുമാനൂര്‍ - നീണ്ടൂര്‍ റോഡിന് സമീപം 11 കെ.വി. ലൈനിനോട് ചേര്‍ന്നാണ് ജലസംഭരണിയുടെ നിര്‍മ്മാണം നടന്നു വന്നത് കഴിഞ്ഞ ദിവസം അപകടം ഉണ്ടായപ്പോഴാണ് തങ്ങള്‍ അറിയുന്നതെന്ന് ഏറ്റുമാനൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പറഞ്ഞു. തട്ടടിച്ച് ടാങ്ക് നിര്‍മ്മാണം നടക്കുന്നതിനിടെ ഉയര്‍ത്തിയ ഇരുമ്പുകമ്പി 11 കെ.വി ലൈനില്‍ തട്ടിയാണ് രണ്ട് ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് ഷോക്കേറ്റത്. പൊള്ളലേറ്റ് വീണ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

11 കെ.വി ലൈനില്‍ നിന്ന് 1.30 മീറ്റര്‍ മാറിയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് വൈദ്യുതി ബോര്‍ഡ് അനുവാദം കൊടുക്കുക. പടിഞ്ഞാറെനട കുടിവെള്ള പദ്ധതിയുടെ ജലസംഭരണി വൈദ്യുതി ലൈനില്‍ നിന്നും 2.6 മീറ്റര്‍ മാറിയാണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ കൂടി നിയമപ്രകാരം വൈദ്യുതി വകുപ്പിന്റെ അനുമതി മേടിക്കണമായിരുന്നു. വൈദ്യുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ജലസംഭരണിയുടെ പുറം ഭാഗം സിമന്റ് തേയ്ക്കുന്നതിന് ഉയര്‍ത്തി കെട്ടിയ തട്ടുകളും വൈദ്യുതി ലൈനും തമ്മിലുള്ള അകലം ഒരു മീറ്ററില്‍ താഴെയായിരുന്നു.

നാട്ടുകാര്‍ വാങ്ങി നഗരസഭയുടെ പേരില്‍ നല്‍കിയ ഒരു സെന്റ് സ്ഥലത്ത് വാര്‍ഡ് കൌണ്‍സിലര്‍ ഉഷാ സുരേഷിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. നഗരസഭയുടെ പേരിലുള്ള സ്ഥലത്താണ് നിര്‍മ്മാണം നടക്കുന്നതെങ്കില്‍ പോലും അതിനുള്ള പെര്‍മിറ്റ് എടുക്കണമായിരുന്നുവെന്നും അനുവാദമില്ലാതെയാണ് നിര്‍മ്മാണം നടന്നതെന്നും എല്‍എസ്ജിഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ജലസംഭരണിയുടെ നിര്‍മ്മാണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ പെര്‍മിറ്റ് ആവശ്യമില്ലെന്നാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്.

അവധി ദിവസങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദ്ദേശം മറികടന്നാണ് കരാറുകാരന്‍ ബുധനാഴ്ച പണികള്‍ നടത്തിയത്. അവധിദിവസമായതിനാല്‍ അപകടം നടക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ആരും സ്ഥലത്തില്ലായിരുന്നു. അഡ്വ.കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എയുടെ 40 ലക്ഷം രൂപാ വകയിരുത്തിയാണ് വാട്ടര്‍ ടാങ്കിന്റെയും കുടിവെള്ളവിതരണപൈപ്പ് ഇടുന്നതിന്റെയും ജോലികള്‍ നടക്കുന്നത്. സുരേഷ് ഗോപി എം.പിയുടെ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും നഗരസഭാ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയും കുടിവെള്ളപദ്ധതിയ്ക്കായി ലഭ്യമാകുന്നുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K