30 July, 2019 08:49:10 PM


കോട്ടയം മെഡി. കോളേജ് ആശുപത്രിയിലും പരിസരത്തും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കും



കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പരിസരത്തും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിരീക്ഷണ സംവിധാനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി 40 നൈറ്റ് വിഷന്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കും.  പോലീസ് എയ്ഡ് പോസ്റ്റില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. പകലും രാത്രിയും പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

ആശുപത്രി വളപ്പില്‍ അനധികൃത കച്ചവടം പൂര്‍ണമായും നിരോധിക്കും. വാഹന പാര്‍ക്കിംഗിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. സ്ഥിരമായി ഇവിടെ വാഹനം പാര്‍ക്കു ചെയ്ത് പോകുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ചികിത്സയ്ക്കും അനുബന്ധ ആവശ്യങ്ങള്‍ക്കുമല്ലാതെ എത്തുന്നവരെ ആശുപത്രി പരിസരത്തുനിന്നും  ഒഴിവാക്കും. പ്രധാന കവാടങ്ങള്‍ ഒഴികെയുള്ള പ്രവേശന മാര്‍ഗങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ അടച്ചിടുകയോ സെക്യൂരിറ്റിയെ നിയോഗിക്കുകയോ ചെയ്യും.

മെഡിക്കല്‍ കോളേജ് കവാടത്തില്‍ ബസുകള്‍ നിര്‍ത്തി ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍ പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്,  അഡീഷണല്‍ പോലീസ് സൂപ്രണ്ട് എ. നിസാം, എ.ഡി.സി (ജനറല്‍) വി. അനിസ് തുടങ്ങിയവര്‍ പങ്കെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K