30 July, 2019 03:18:59 PM


കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: യു.ഡി.എഫ് യോഗത്തില്‍ പ്രതിഷേധവുമായി ജോസഫ് വിഭാഗം



തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം. ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ ജോസഫ് വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജോസ് കെ.മാണി വിഭാഗത്തിന് അനുകൂലമായി നിലപാട് എടുത്തുവെന്നാണ് ഇവരുടെ പരാതി. ഇക്കാര്യം കഴിഞ്ഞ ദിവസം പി.ജെ ജോസഫ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.


ഇന്നു ചേര്‍ന്ന യോഗത്തില്‍ ജോസഫും സി.എഫ് തോമസും പങ്കെടുത്തില്ല. ജോസഫ് വിഭാഗത്തിനു വേണ്ടി മോന്‍സ് ജോസഫും ജോയ് ഏബ്രഹാമുമാണ് യോഗത്തിനെത്തിയത്. ജോസ്. കെ മാണിയും ​റോഷി അഗസ്റ്റിനും യോഗത്തില്‍ പങ്കെടുത്തു. ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണെന്നായിരുന്നു ജോസഫിന്റെ പ്രതികരണം. എന്നാല്‍. സി.എഫ് തോമസ് നിലപാട് അറിയിച്ചിട്ടില്ല.


യോഗത്തില്‍ മോന്‍സ് ജോസഫും ജോയ് ഏബ്രഹാമും പ്രതിഷേധം വ്യക്തമാക്കി. ശരിയായ രീതിയിലല്ല തെരഞ്ഞെടുപ്പ് നടന്നതെന്നും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് കിട്ടിയില്ലെന്നും മോന്‍സ് ആരോപണം ഉന്നയിച്ചു. എന്നാല്‍ അര്‍ഹമായ സ്ഥാനമാണ് തങ്ങള്‍ക്ക് കിട്ടിയ​തെന്ന് റോഷി അഗസ്റ്റിനും പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ട് ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K