21 July, 2019 10:52:15 AM


ചാന്ദ്രയാൻ രണ്ട് ദൗത്യത്തിന്‍റെ വിക്ഷേപണം നാളെ ഉച്ചക്ക് 2.43ന് നടക്കും


ശ്രീഹരിക്കോട്ട: സാങ്കേതിക കാരണങ്ങൾ കൊണ്ട് മാറ്റിവച്ച ചാന്ദ്രയാൻ രണ്ട് ദൗത്യത്തിന്‍റെ വിക്ഷേപണം നാളെ ഉച്ചക്ക് 2.43ന് നടക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂർ കൗണ്ട്‍ഡൗൺ ഇന്ന് വൈകിട്ട് ആരംഭിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ ഇന്നലെ രാത്രി പൂർത്തിയായി.

ഇന്ന് വൈകീട്ട് 6.43നാണ് ജിഎസ്എൽവി മാ‍ക്ക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങുന്നത്. കൗണ്ട് ഡൗൺ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും. ദ്രവ ഇന്ധനഘട്ടമായ എൽ 110 ലും ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറയ്ക്കുന്നത്. കൗണ്ട് ഡൗണിന്‍റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്റ്റേജിലേക്കുള്ള ഇന്ധനം നിറയ്ക്കുന്നത്. ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്സിജനുമാണ് ഈ ഘട്ടത്തിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ ഇന്ധനം നിറച്ചതിന് പിന്നാലെയാണ് ജൂലൈ 15ന് സാങ്കേതിക തകരാ‍ർ കണ്ടെത്തിയത്. തുട‍ർന്നാണ് വിക്ഷേപണം മാറ്റിയത്. എന്നാൽ പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തറയിൽ എത്തിച്ചിരിക്കുന്നത്.

വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സെപ്റ്റംബർ ആറിന് തന്നെ ചന്ദ്രനിൽ സോഫ്റ്റ് ലാന്‍റിംഗ് നടത്താനാണ് ഇസ്റൊയുടെ തീരുമാനം. ഇതിനായി ചന്ദ്രയാൻ 2 പേടകത്തിന്‍റെ ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിയിലടക്കം ഇസ്റോ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പ്ലാൻ പ്രകാരം 23 ദിവസമായി കൂടി. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയം അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം 7 ആക്കി മാറ്റി.

നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്‍ററിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്‍ററും ഓർബിറ്ററും തമ്മിൽ വേർപെടാൻ പോകുന്നത് 43 ആം ദിവസമാണ്. നേരത്തെ ഇത് അൻപതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്. വളരെ കുറച്ച് സമയം കൊണ്ടാണ് ഇസ്റോ ശാസത്രജ്‌ഞർ ഏറെ സങ്കീർണ്ണായ ഈ കണക്കുകൂട്ടലുകൾ പൂർത്തിയാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K