16 July, 2019 10:43:00 AM


പാകിസ്താന്‍ വ്യോമാതിര്‍ത്തിയിലെ നിരോധനം നീക്കി ; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഇനി നേരെ പറക്കാം



ദില്ലി: ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പാകിസ്താന്‍ നീക്കി. വ്യോമമേഖല ഉടന്‍ തുറക്കാനാണ് തീരുമാനം. അഞ്ചു മാസത്തിന് ശേഷമാണ് പാകിസ്താന്‍ വിലക്ക് നീക്കുന്നത്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസകരമാകുന്ന നടപടിയാണെന്നാണ് വിലയിരുത്തല്‍. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വന്നിരുന്ന സമയനഷ്ടവും സാമ്പത്തീക നഷ്ടവും ഇതിലൂടെ മാറും.


പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വ്യോമസേന ബലാക്കോട്ടേയിലെ ജെയ്ഷ് ഇ മൊഹമ്മദ് ഭീകര ക്യാമ്പില്‍ വന്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഫെബ്രുവരി 26 നായിരുന്നു വ്യോമാതിര്‍ത്തി പാകിസ്താന്‍ അടച്ചത്. അഞ്ചാം തവണയാണ് ഇക്കാര്യം പാകിസ്താന്‍ ചെയ്തത്. 2019 ജൂലൈ 26 വരെ വിലക്ക് നീട്ടിയിരുന്നെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഇക്കാര്യം മാറ്റിയതായി പാകിസ്താന്‍ നോട്ടീസ് പുറത്തിറക്കുകയായിരുന്നു.


ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് നടപടി വലിയ ആശ്വാസമായിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള റൂട്ടുകള്‍ മാറ്റി വിടേണ്ടി വന്നിരുന്നത് ഇന്ത്യന്‍ വിമാനങ്ങള്‍ക്കും വിദേശ വിമാനങ്ങള്‍ക്കും വലിയ സാമ്പത്തീക നഷ്ടം ഉണ്ടാക്കിയിരുന്നു. യാത്രാ സമയം 45 മിനിറ്റില്‍ നിന്നും 90 ആയി ഉയരുകയും ചെയ്തിരുന്നു. വ്യോമാതിര്‍ത്തി പാകിസ്താന്‍ അടച്ചതോടെ ആറുമാസ കാലയളവില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് 550 കോടിയുടെ നഷ്ടമാണ് ഉണ്ടായത്്. ഇതില്‍ 491 കോടിയും അനേകം അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യയ്ക്കായിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K