12 July, 2019 11:52:37 AM


'ടെയ്ക്ക് എ ബ്രേക്ക്' ടൂറിസം പദ്ധതി ഉദ്ഘാടനത്തില്‍ ഒതുങ്ങി; മാലിന്യങ്ങള്‍ നിറഞ്ഞ് അതിരമ്പുഴ ചന്തക്കുളം
- എം.പി.തോമസ്

അതിരമ്പുഴ: വര്‍ഷങ്ങളുടെ ചരിത്രം പറയുന്ന അതിരമ്പുഴ മാര്‍ക്കറ്റും പെണ്ണാര്‍‍ തോടും ഒരു കാലഘട്ടത്തിന് ശേഷം ടൂറിസം ഭൂപടത്തിലേക്ക് കയറുന്ന പദ്ധതി 'ടെയ്ക്ക് എ ബ്രേക്ക്' ഉദ്ഘാടനത്തിലൊതുങ്ങി. കനാല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി 2017 നവംബറില്‍ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ഈ വിനോദസഞ്ചാര പദ്ധതി ഇപ്പോള്‍ ഫയലുകളില്‍ തങ്ങി നില്‍ക്കുകയാണ്. പദ്ധതി മേഖലയായ അതിരമ്പുഴ ചന്തക്കുളവും പെണ്ണാര്‍ തോടും മാലിന്യം തള്ളാനുള്ള ഇടമായി വീണ്ടും മാറി.  


ഒരു കാലത്ത് ബോട്ടുകളും കെട്ടുവള്ളങ്ങളുമായി ഹൈറേഞ്ചിനേയും ആലപ്പുഴയേയും കൊച്ചിയേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കേരളത്തിലെ പ്രമുഖ വാണിജ്യകേന്ദ്രമായിരുന്നു അതിരമ്പുഴ. പെണ്ണാര്‍ തോട്ടിലൂടെ അതിരമ്പുഴയില്‍ നിന്നും കുമരകത്തിനും ആലപ്പുഴയ്ക്കുമൊക്കെ ബോട്ട് സര്‍വ്വീസ് ഉണ്ടായിരുന്നു. വീണ്ടും ആ കാലത്തിനായി, അതിരമ്പുഴയുടെ വികസനം ലക്ഷ്യമാക്കി, കുമരകത്തു നിന്നും ബോട്ടില്‍ സഞ്ചാരികള്‍ എത്തും എന്ന് വിളംബരം നടത്തികൊണ്ടായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. 


കുമരകത്തു നിന്നും പെണ്ണാര്‍ ‍തോട്ടിലൂടെ അതിരമ്പുഴയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു വേണ്ടി സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അതിരമ്പുഴയില്‍ വിശ്രമ കേന്ദ്രം ഒരുക്കുകയും ചെയ്തു. പക്ഷെ ഈ ഓഫീസ് കെട്ടിടമാകട്ടെ ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയിലാണ്. ജലമാര്‍ഗം അതിരമ്പുഴയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഇവിടെ നിന്നും റോഡ് മാര്‍ഗം വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര തുടരാനും മറ്റും സഹായമൊരുക്കുന്ന രീതിയില്‍ അതിരമ്പുഴ ചന്തക്കടവിലെ ബോട്ട്‌ജെട്ടിക്ക് സമീപത്താണ് ഓഫീസ് ഒരുക്കിയത്. ചുറ്റും കാടു പിടിച്ച് കിടക്കുന്ന കെട്ടിടം മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണിപ്പോള്‍.


പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ടൂറിസം മാപ്പില്‍ അതിരമ്പുഴക്ക് പ്രമുഖസ്ഥാനം ലഭിക്കുമെന്നും അതിരമ്പുഴയുടെ മുഖഛായ തന്നെ മാറ്റാന്‍ കഴിയുമെന്നും കരുതിയ നാട്ടുകാരാകട്ടെ നിരാശയിലും. ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിയുടെ ഭാഗമായി ഒരു ചെറുവള്ളം പോലും അതിരമ്പുഴയില്‍ എത്തിയില്ല. മാന്നാനം, ലിസ്യു പാലങ്ങളുടെ ഭാഗത്തും അതിരമ്പുഴ ചന്തയ്ക്കു സമീപവും പെണ്ണാര്‍‍ തോടിന്‍റെ ആഴം വര്‍ദ്ധിപ്പിച്ചാലേ കുമരകത്ത് നിന്ന് ബോട്ട് വരാനാവൂ. ചങ്ങനാശേരി - ആലപ്പുഴ - കോട്ടയം - വൈക്കം വഴിയുള്ള ദേശീയ ജലപാതയില്‍ അതിരമ്പുഴയേയും ഉള്‍പ്പെടുത്തി പെണ്ണാര്‍‍ തോട്ടിലെ രണ്ട് പാലങ്ങള്‍ പൊളിച്ചു പണിയാന്‍ പദ്ധതിയുണ്ടായിരുന്നു. 


പക്ഷെ ഒരു വശത്ത് പെണ്ണാര്‍‍ തോടും ചന്തക്കുളവും തങ്ങളുടെ സ്വകാര്യ അഹങ്കാരമായി ചിത്രീകരിക്കുന്ന അതിരമ്പുഴയിലെ വ്യാപാരികള്‍ തന്നെ രാത്രിയുടെ മറവില്‍ ഈ ജലസ്‌ത്രോതസുകളുടെ നാശത്തിന് വഴിതുറക്കുകയാണ്. അതിരമ്പുഴയിലേയും സമീപപ്രദേശങ്ങളിലെയും ഹോട്ടലുകളില്‍ നിന്നും വ്യാപാരവ്യവസായശാലകളില്‍ നിന്നുമുള്ള മാലിന്യം കൊണ്ടു തള്ളാനുള്ള ഇടമായി മാറി പെണ്ണാര്‍‍തോട്. തോട്ടില്‍ പോള നിറഞ്ഞതോടെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അടിഞ്ഞ് കെട്ടികിടന്ന് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായേക്കുമെന്ന് സമീപവാസികള്‍ ഭയപ്പെടുന്നു. 'മാലിന്യമുക്തപരിസരം, ആരോഗ്യപൂര്‍ണ്ണജീവിതം' എന്ന മുന്നറിയിപ്പ് ബോര്‍ഡ് ഒരു സംഘടനയുടെ പേരില്‍ സ്ഥാപിക്കപ്പെട്ടത് നോക്കുകുത്തിയായി സ്ഥിതിചെയ്യുന്നതാകട്ടെ മാലിന്യത്തിന്‍റെ നടുവിലും. 


Share this News Now:
  • Google+
Like(s): 202