08 July, 2019 05:30:14 PM


ഊമപ്പെണ്ണിന് വരനായി ഉരിയാടാപയ്യന്‍; കണ്ണനും മീരയും ഇനി ജീവിതനൗക ഒന്നിച്ച് തുഴയും



കോട്ടയം: ഊമപ്പെണ്ണിന് വരനായി ഉരിയാടാപയ്യന്‍. ജയസൂര്യ നായകനായ പികെആര്‍ പിള്ള നിര്‍മ്മിച്ച ചിത്രത്തിലെ നായികാ നായകന്മാരെ പോലെ അവര്‍ ഒന്നായി - കണ്ണനും മീരയും. കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്ത ഇരുവരും ഇനി ജീവിതമാകുന്ന നൗക ഒന്നിച്ച് തുഴയും. തിങ്കളാഴ്ച രാവിലെ 12ന് കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലായിരുന്നു ഇരുവരുടെയും വിവാഹം.


കായംകുളം പത്തിയൂര്‍കിഴക്ക് ഭഗവതിപ്പടി പൂന്തറശേരില്‍ ഷാജി ദിവാകരന്‍റെയും സുജാതയുടെയും രണ്ട് മക്കളില്‍ മൂത്തയാളാണ് കണ്ണന്‍ (30). ഏറ്റുമാനൂര്‍ പേരൂര്‍ പാലക്കുടിയില്‍ മോഹനന്‍ എന്ന രഘുനാഥന്‍ പിള്ളയുടെയും രാധാമണിയുടെയും രണ്ട് മക്കളില്‍ ഇളയവളാണ് മീര (27). ജന്മനാ കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാതിരുന്നിട്ടും പഠനത്തിലും മറ്റും ഏറെ മികവ് പുലര്‍ത്തിയ മീര ഒരു ജോലി അന്വേഷിക്കുന്നതിനിടെയാണ് വിവാഹിതയാവുന്നത്. 



മീരയുടെ പിതാവ് മോഹനന്‍ കോട്ടയത്ത് വ്യാപാരിയാണ്. ഏക സഹോദരന്‍ മനു മോഹനും മീരയെപോലെതന്നെ. കേള്‍വിശക്തിയും സംസാരശേഷിയും ഇല്ല. സ്പെഷ്യല്‍ സ്കൂളുകളിലായിരുന്നു ഇരുവരുടെയും പഠനം. പ്ലസ് ടു വരെ കോട്ടയം നീര്‍പ്പാറ അസീസി മൌണ്ട് സ്കൂളിലും ബികോമിന് കൊട്ടാരക്കര വാളകം സ്പെഷ്യല്‍ സ്കൂളിലുമായിരുന്നു മീര പഠിച്ചത്. ടേബിള്‍ ടെന്നീസില്‍ രണ്ട് തവണ സംസ്ഥാന ചാമ്പ്യന്‍ ഷിപ്പ് നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന അന്തര്‍സംസ്ഥാന സ്പെഷ്യല്‍ കായികമേളയിലും മീര പങ്കെടുത്തിരുന്നു.


കായംകുളത്ത് ഒരു സ്വകാര്യസ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനറാണ് കണ്ണന്‍. എല്‍കെജി മുതല്‍ പ്ലസ് ടു വരെ കണ്ണന്‍ പഠിച്ചത് തിരുവല്ല സിഎസ്ഐ ബധിരവിദ്യാലയത്തില്‍. തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങില്‍ നിന്ന് ആര്‍ട്ടില്‍ ബിരുദം സമ്പാദിച്ചു. ഏകസഹോദരന്‍ ഇപ്പോള്‍ പിതാവിനെ ബിസിനസില്‍ സഹായിക്കുന്നു. കണ്ണന്‍റെയും മീരയുടെയും ഒട്ടേറെ സുഹൃത്തുക്കള്‍ ഇരുവര്‍ക്കും ആശംസകളുമായെത്തി. തങ്ങളുടേതായ രീതിയില്‍ ആശയവിനിമയം നടത്തുന്ന ഇവര്‍ വിവാഹത്തിന് എത്തിയവര്‍ക്കും കൌതുകമായി.


വിവാഹചടങ്ങുകള്‍ കാമറകണ്ണുകളില്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍ പാമ്പാടി വെള്ളൂര്‍ ചെമ്മാരപ്പള്ളി അനീഷ് പോളും ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. സംസാരശേഷിയില്ലാത്ത അനീഷ് ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ അംഗം കൂടിയാണ് അനീഷ്. മീരയുടെ വിവാഹം നാട്ടുകാരും ഉത്സവമാക്കി മാറ്റി. ഒരു പറ്റം യുവാക്കളുടെ നേതൃത്വത്തില്‍ വിവാഹതലേന്ന് വീട്ടില്‍ പ്രത്യേക സംഗീതവിരുന്നും ഒരുക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.1K