03 July, 2019 04:24:26 PM


നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്‌ഐയെ പ്രവേശിപ്പിച്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ സംഘര്‍ഷാവസ്ഥ



കോട്ടയം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായതിനു പിന്നാലെ കുഴഞ്ഞുവീണ എസ് ഐയെ പ്രവേശിപ്പിച്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ സംഘര്‍ഷാവസ്ഥ. എസ്‌ഐയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. സംഭവമറിഞ്ഞ് മെഡിക്കല്‍ കോളേജില്‍ ജനങ്ങള്‍ തടിച്ചുകൂടിയതും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ജനക്കൂട്ടവും എസ്‌ഐക്ക് അകമ്പടിയായി എത്തിയ പോലീസുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി.


കസ്റ്റഡി മരണക്കേസില്‍ പ്രതികളായ എസ്ഐ കെ.എ സാബു, സിപിഒ സജീവ് ആന്റണി എന്നിവരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ ഉടനെ എസ്‌ഐ സാബു കുഴഞ്ഞുവീണിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ചികിത്സയ്ക്കായി കോളേജിലേക്ക് കൊണ്ടുപോയി. ആദ്യം കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ പരിശോധനയ്ക്ക് ശേഷം ജനറല്‍ കാഷ്വാലിറ്റിയിലേക്ക്‌ മാറ്റുകയായിരുന്നു.


തൂവാലകൊണ്ട് മുഖം മറച്ചാണ് എസ്‌ഐയെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെ സംഭവമറിഞ്ഞ് ആശുപത്രിയില്‍ ജനങ്ങള്‍ തടിച്ചുകൂടി. തുടര്‍ന്ന് തുണികൊണ്ട് എസ്‌ഐയുടെ മുഖം മുഴുവനായി മറച്ചു. ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ എസ്‌ഐയുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചത് പോലീസ് ഇടപെട്ട് തടയുകയും മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് സ്ഥലത്തുനിന്ന് മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. 


ഡ്യൂട്ടിയിലിരിക്കെ മദ്യപിച്ചതും മദ്യലഹരിയില്‍ പ്രതിയെ സ്റ്റേഷനില്‍ വച്ച്‌ മര്‍ദ്ദിച്ചു എന്നതുമടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡിലായിരുന്ന രാജ്കുമാറിനെ പോലീസ് കസ്റ്റഡിയില്‍ മൂന്നാംമുറയ്ക്ക് ഇരയാക്കിയെന്ന് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അറസ്റ്റ് നീണ്ടു പോവുകയാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. അതിനിടെയാണ് അറസ്റ്റ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K