01 July, 2019 06:30:40 PM


ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യഹർജിയിൽ കോടതി നാളെ വിധി പറയും; അതുവരെ അറസ്റ്റ് പാടില്ല



മുംബൈ: പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യഹർജിയിൽ മുംബൈ ഡിൻഡോഷി സെഷൻസ് കോടതി നാളെ വിധി പറയും. നിരവധി തെളിവുകളാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിയായ യുവതി ഇന്നും കോടതിയിൽ ഹാജരാക്കിയത്. യുവതിയുടെ വാദങ്ങൾക്ക് മറുപടി പറയാൻ ബിനോയിയുടെ അഭിഭാഷകന് കോടതി സാവകാശം നൽകി. ജാമ്യാപേക്ഷയിൽ വിധി പറയും വരെ ബിനോയിയുടെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി.

ബിനോയ്ക്കെതിരെ ദുബായിയിൽ ക്രിമിനൽ കേസുള്ളത് മുൻകൂർ ജാമ്യഹർജിയിൽ മറച്ചുവച്ചു, കേരളത്തിലെ മുൻ ആഭ്യന്തരമന്ത്രിയാണ് ബിനോയിയുടെ അച്ഛൻ കോടിയേരി ബാലകൃഷ്ണനെന്നത് സൂചിപ്പിച്ചില്ല എന്നു തുടങ്ങി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകും എന്ന് ബിനോയ് ഭീഷണിപ്പെടുത്തിയതടക്കമുള്ള കാര്യങ്ങള്‍ അഭിഭാഷകൻ നേരത്തെ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

യുവതി പീഡന പരാതി നൽകി ഒരാഴ്ച കഴിഞ്ഞ് ജൂൺ 20നാണ് ബിനോയ് മുംബൈ ഡിൻഡോഷി സെഷൻസ് കോർട്ടിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്. വിവാഹം ചെയ്ത് ഉപേക്ഷിച്ചതിന് 5 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവതി അയച്ച വക്കീൽ നോട്ടീസും വിവാഹവാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തിയെന്ന് കാട്ടി യുവതി പൊലീസിൽ നൽകിയ പരാതിയും കാണിച്ച് ഇത് പണം തട്ടാനുള്ള ശ്രമമാണെന്നാണ് ബിനോയ് കോടിയേരിയുടെ വാദം. 

യുവതിക്കും കുഞ്ഞിനും ദുബായ് സന്ദർശിക്കാൻ ബിനോയ് സ്വന്തം ഇമെയിലിൽ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകൻ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് പുറമെ കോടതി അനുവദിച്ച പ്രത്യേക അഭിഭാഷകനും യുവതിക്ക് നിയമസഹായം നൽകാൻ ഒപ്പമുണ്ടായിരുന്നു. വാദങ്ങൾ കോടതിക്ക് യുവതിയുടെ അഭിഭാഷകൻ എഴുതി നൽകി.  ഇരുവിഭാഗത്തിന്‍റെയും വാദവും സമർപ്പിക്കപ്പെട്ട തെളിവുകളും പരിശോധിച്ച ശേഷമാകും അഡീഷണൽ സെഷൻസ് ജഡ്ജ് എം എച്ച് ഷെയ്ക്ക് മുൻകൂർ ജാമ്യഹർജിയിൽ വിധി പറയുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K