26 June, 2019 05:46:05 PM


'ഇനി ഞാൻ ദേശീയ മുസ്ലിം'; കോണ്‍ഗ്രസ് പുറത്താക്കിയ അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു



ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്‍റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി എ പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ. ദില്ലിയിൽ അശോക റോഡിലെ ബിജെപി ഓഫീസിൽ പാർട്ടി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദയിൽ നിന്നാണ് അബ്ദുള്ളക്കുട്ടി അംഗത്വം ഏറ്റുവാങ്ങിയത്. ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, വി മുരളീധരൻ, രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖർ എന്നിവർ പങ്കെടുത്തു. 


ബിജെപിയിൽ ചേർന്നതോടെ താൻ ദേശീയ മുസ്ലീമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലീങ്ങൾക്കും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാനാണ് ഇനി താൻ പ്രവർത്തിക്കുകയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. പാർലമെന്‍റ് മന്ദിരത്തിൽ വച്ചായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. 'ബിജെപിയിൽ ചേരൂ', എന്ന് അബ്ദുള്ളക്കുട്ടിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറ‍ഞ്ഞു. അന്താരാഷ്ട്ര യോഗദിനത്തിൽ യോഗയിൽ പങ്കാളിയായ വിവരം താൻ പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി അതിൽ സന്തോഷം പ്രകടിപ്പിച്ചു. 


നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിൽ മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. ഇങ്ങനെ മോദിയെ പുകഴ്ത്തിയതിനാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് പുറത്താക്കിയത്. അതിനും മുമ്പ് സിപിഎം അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതും ഇതേ കാരണത്തിന് തന്നെ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K