24 June, 2019 09:49:37 PM


ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന സ്വകാര്യബസുകള്‍ സമരം തുടരും; പകരം സംവിധാനവുമായി കെ.എസ്.ആര്‍.ടി.സി.



തിരുവനന്തപുരം: സമരം നടത്തുന്ന അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അന്തര്‍സംസ്ഥാന ബസുകളുടെ നിയമലമംഘനത്തിലെ, പരിശോധനയും പിഴ ഈടാക്കലും നിര്‍ത്തിവക്കില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കിയതോടെ സ്വകാര്യബസ് സമരം തുടരുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. പെര്‍മിറ്റ് ലംഘനത്തിന്‍റെ  പേരില്‍ പിഴ ഈാടക്കുന്നത് താങ്ങാനാകില്ലെന്ന് ബസുടമകള്‍ പറഞ്ഞു. 


കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റുള്ള ബസുകള്‍  മറ്റ് സംസ്ഥാനങ്ങളില്‍ സുഗമമായി സര്‍വ്വീസ് നടത്തുന്നു. അതേ പെര്‍മിറ്റുള്ള ബസുകള്‍ക്ക് കേരളത്തില്‍ പിഴ ഈാടാക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ബസുടമകള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ മോട്ടാര്‍ വാഹന നിയമം ഭേദഗതി ചെയ്യുന്ന സാഹചര്യത്തില്‍, അതുവരെ പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരിലുള്ള നടപടി  നിര്‍ത്തിവക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.


കല്ലട സംഭവത്തിന്‍റെ പേരിൽ സർക്കാർ തങ്ങളെ മനഃപൂർവം ദ്രോഹിക്കുന്നെന്നാരോപിച്ചാണ് നാനൂറോളം ബസുകൾ ഇന്ന് മുതൽ സർവീസ് നിർ‍ത്തിയത്. ഇതരസംസ്ഥാന ബസുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുമെന്ന് സർക്കാർ തന്നെ പ്രഖ്യാപിച്ച ഘട്ടത്തിലാണ് അനിശ്ചിതകാല സമരവുമായി ബസുടമകളുടെ വരവ്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ് എന്ന പരിശോധന അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.


അതേസമയം അന്തർസംസ്ഥാന സ്വകാര്യബസുകളുടെ കൊള്ള തടയാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് എം രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് നാലു പേജുളള ഇടക്കാല റിപ്പോർട്ട് നൽകി. ഉത്സവ സീസണുകളിലടക്കം തിരക്കുളള സമയത്ത് സാധാരണ നിരക്കിനേക്കാൾ 12 ശതമാനത്തിലധികം നിരക്ക് വാങ്ങാൻ ബസുടമകളെ അനുവദിക്കരുതെന്നാണ് കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്. ഇത്തരം ബസുകളുടെ മരണപ്പാച്ചിലും ചൂഷണവും അവസാനിപ്പിക്കാൻ സമഗ്രമായ റിപ്പോർട്ടും വൈകാതെ തയ്യാറാക്കുമെന്ന് ജസ്റ്റിസ് എം രാമചന്ദ്രൻ അറിയിച്ചു.


പകരം സംവിധാനവുമായി കെഎസ്ആർടിസി


അന്തര്‍സംസ്ഥാന സ്വകാര്യബസ് സമരവുമായി ബന്ധപ്പെട്ട് അധിക സർവ്വീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി. സ്വകാര്യബസ് ഉടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് അധിക സർവ്വീസുകളുമായി കെഎസ്ആർടിസി രം​ഗത്തെത്തിയിരിക്കുന്നത്. ദിവസേന 49 ഷെഡ്യൂളുകളാണ് കെഎസ്ആർടിസി ബാംഗ്ലൂരിലേക്ക് നിലവിൽ നടത്തിവരുന്നത്. ഇതുകൂടാതെ കണ്ണൂർ, തലശ്ശേരി, തൃശ്ശൂർ, കോട്ടയം എന്നീ ഡിപ്പോകളിൽ നിന്നും പ്രതിദിനമുള്ള രണ്ട് സർവ്വീസുകളും കോഴിക്കോട്, എറണാകുളം എന്നീ ഡിപ്പോകളിൽ നിന്നുമുള്ള മൂന്ന് സർവ്വീസുകളും ചേർത്ത് ആകെ 14 സർവ്വീസുകൾ ബാംഗ്ലൂരിലേക്ക് നടത്തും.


മതിയായ യാത്രക്കാർ ഉണ്ടെങ്കിൽ അവർ ആവശ്യപ്പെടുന്ന സമയങ്ങളിൽ കോഴിക്കോട് നിന്നും പ്രത്യേക സർവ്വീസുകൾ ബാംഗ്ലൂരിലേക്ക് അയയ്ക്കുവാനുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ഏർപ്പെടുത്തിക്കഴിഞ്ഞു. അതുപോലെതന്നെ ബാംഗ്ലൂരിൽ നിന്നും തിരിച്ച് കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളിലേക്ക് ഏതുസമയവും യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് സർവ്വീസുകൾ നടത്തുവാനായി 8 ബസ്സുകൾ ക്രൂ സഹിതം സജ്ജമാക്കിയിട്ടുണ്ട്. ഈ പ്രത്യേക സാഹചര്യത്തിൽ അധികമായി ഓപ്പറേറ്റ് ചെയ്യുന്ന സർവ്വീസുകൾ അടക്കം യാത്രക്കാർക്ക് ഓൺലൈനായി മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യാവുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K