21 June, 2019 08:38:43 AM


മുത്തലാഖ് ബില്ലും ശബരിമല വിഷയമടക്കം പ്രേമചന്ദ്രന്‍റെ നാല് സ്വകാര്യ ബില്ലുകളും ഇന്ന് ലോക്സഭയില്‍



ദില്ലി: ശബരിമല വിഷയത്തിലടക്കം നാല് സ്വകാര്യ ബില്ലുകള്‍ ഇന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ലോക്സഭയില്‍ അവതരിപ്പിക്കും. സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍ എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. 17മത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്. ശബരിമലയിൽ നിലവിലെ ആചാരങ്ങൾ തുടരണം എന്നാണ് ബില്ലിൽ എൻ കെ പ്രേമചന്ദ്രൻ നിർദ്ദേശിക്കുന്നത്. കേന്ദ്രം ഈ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നതാണ് പ്രധാനം.


കൂടാതെ തൊഴിലുറപ്പ്, ഇഎസ്ഐ, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകൾക്കും ഇന്ന് അവതരണാനുമതിയുണ്ട്. കുറഞ്ഞ തൊഴില്‍ ദിനങ്ങള്‍ 100 ല്‍ നിന്ന് 200 ആയി കൂട്ടുക, ദിവസ വേതനം കുറഞ്ഞത് 800 രൂപയാക്കുക തുടങ്ങിയവയാണ് ബില്ലില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഭേദഗതികള്‍. കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ അവശത അനുഭവിക്കുന്ന തൊഴിലാളികള്‍, അസംഘടിത മേഖല തൊഴിലാളികള്‍ എന്നിവര്‍ക്ക് ഇഎസ്ഐ ആനുകൂല്യം നല്‍കണമെന്നതാണ് ഇഎസ്ഐയുമായി ബന്ധപ്പെട്ട ഭേദഗതി ബില്‍. സര്‍ഫാസി നിയമക്കുരുക്കില്‍ നിന്ന് അർബുദ, വൃക്ക രോഗികളെ ഒഴിവാക്കുക, താമസിക്കുന്ന വീടും സ്ഥലവും നിയമപരിധിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് സർഫാസി നിയമ ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ലും ഇന്ന് ലോക്സഭയിൽ കൊണ്ടുവരും. കഴിഞ്ഞ ഡിസംബറിൽ മുത്തലാഖ് ബില്ല് ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ രാജ്യസഭയിൽ ബില്ല് പാസാക്കാനായില്ല. 17 ആം ലോക്സഭയിൽ രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ല് കൂടിയാണ് മുത്തലാഖ് ബിൽ. പ്രതിപക്ഷം യോജിച്ച് എതിര്‍ത്താൽ രാജ്യസഭയിൽ മുത്തലാഖ് ബില്ല് പാസാക്കുക ഇപ്പോഴും സര്‍ക്കാരിന് വെല്ലുവിളിയാണ്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K