20 June, 2019 07:59:56 PM


നവാസ് തിരിച്ചെത്തി ചാര്‍ജെടുത്ത പിന്നാലെ പിടിയിലായത് വ്യത്യസ്തരായ എ.ടി.എം മോഷ്ടാക്കള്‍



കൊച്ചി: കാണാതായതിന് ശേഷം തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ച സർക്കിൾ ഇൻസ്‌പെക്ടർ വി.എസ് നവാസ് ഉദ്യോഗത്തിലേക്ക് തിരിച്ചെത്തിയത് എടിഎം മോഷ്ടാക്കളെ കുടുക്കികൊണ്ട്. ഫോർട്ട് കൊച്ചി കൽവത്തി ശാഖയിലെ എ.ടി.എമ്മിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികളായ രണ്ടു പേരെയാണ് നവാസിന്‍റെ നേതൃത്വത്തിലുള്ള മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്.


ഉന്നത ഉദ്യോഗസ്ഥരുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് നാടുവിടുകയും പിന്നീടു പൊലീസ് കണ്ടെത്തി തിരിച്ചെത്തിക്കുകയും ചെയ്ത നവാസ് കഴിഞ്ഞ ദിവസം മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് എ.ടി.എം മോഷ്ടാക്കളെ അദ്ദേഹം കുടുക്കിയത്. രാജസ്ഥാൻ ഹരിയാന അതിർത്തിയിലെ പൽവാൽ സ്വദേശികളായ റിയാജ് ഖാൻ (27), അമിൻ ഖാൻ (38) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു കവർച്ചാശ്രമം.


എ.ടി.എമ്മിനകത്ത് കയറിയ ഇരുവരും സി.സി.ടി.വി കാമറ മറച്ചുപിടിച്ചത് ബാങ്കിലെ മോണിട്ടറിൽ ശുചീകരണ ജോലികൾ ചെയ്യുന്ന ജീവനക്കാരി കാണുകയും വിവരം മാനേജരെ അറിയിക്കുകയുമായിരുന്നു. ഇരുവരുടെയും പ്രവർത്തികളിൽ സംശയം തോന്നിയ ബാങ്കിലെ സുരക്ഷാ ജീവനക്കാരൻ ചോദ്യം ചെയ്യാൻ ശ്രമിച്ചതോടെ ഇരുവരും ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ പിടികൂടുകയായിരുന്നു.


വ്യത്യസ്തമായ രീതിയിലുള്ള കവര്‍ച്ചാ ശ്രമമായിരുന്നു ഇവരുടേത്. ആദ്യം ബന്ധുക്കൾ വഴി ഇവരുടെ അക്കൗണ്ടിലേക്ക് ആദ്യം പണം നിക്ഷേപിക്കും. പ്രതികൾ ഉടൻതന്നെ എ.ടി.എം കാർഡ് വഴി പണം പിൻവലിക്കാൻ ശ്രമിക്കും. മുഴുവൻ പണം എടുക്കാതെ കുറച്ച് പണം യന്ത്രത്തിൽ തന്നെ വയ്ക്കും. ബാക്കി തുക യന്ത്രത്തിനകത്തേക്ക് തിരികെ പോകുമ്പോൾ പണം ലഭിച്ചില്ലെന്ന സന്ദേശം വരികയും ഇതുവഴി ബാങ്കിനെ കബളിപ്പിച്ച് പണം തട്ടുകയുമാണ് ഇവരുടെ രീതി.


എന്നാൽ വിൺകോൺ എന്ന യന്ത്രത്തിൽ മാത്രമേ ഈ തട്ടിപ്പ് നടക്കൂവെന്നും തങ്ങളുടെ എ.ടി.എമ്മിൽനിന്ന് ഇത്തരത്തിൽ പണം തട്ടാൻ കഴിയില്ലെന്നും എസ്.ബി.ഐ ബാങ്ക് അധികൃതർ അറിയിച്ചു. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ പത്തോളം എ.ടി.എമ്മുകളിൽ നിന്ന് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി സി.ഐ നവാസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K