14 June, 2019 08:22:38 PM


പാലാരിവട്ടം മേല്‍പാലം: കരാറുകാരുടെ ഓഫീസിലും വസതിയിലും വിജിലൻസ് പരിശോധന നടത്തി



കൊച്ചി:  പാലാരിവട്ടം മേല്‍പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കരാറുകാരുടെ ഓഫീസിലും വസതിയിലും വിജിലൻസ് പരിശോധന നടത്തി. കരാറുകാരായ ആർഡിഎസ് പ്രോജക്റ്റ് ലിമിറ്റഡിന്‍റെ എറണാകുളം പനമ്പിള്ളി നഗറിലുള്ള റീജനൽ ഓഫിസിലും മാനേജിങ് ഡയറക്ടര്‍ സുമിത്ത് ഗോയലിന്‍റെ  കാക്കനാട് പടമുകളുള്ള ഫ്ലാറ്റിലുമാണ്  വിജിലൻസ് പരിശോധന നടത്തിയത്.



റെയ്‍ഡിൽ നിർമ്മാണ കരാറുമായി ബന്ധപ്പെട്ട രേഖകൾ കമ്പനിയുടെ കമ്പ്യുട്ടറിൽ നിന്നും വിജിലൻസ് സംഘം പിടിച്ചെടുത്തെന്നാണ് സൂചന. മേൽപ്പാലം നിർമ്മാണത്തിൽ കരാർ കമ്പനിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് കോടികളുടെ ലാഭം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. പാലം രൂപകൽപ്പന മാറ്റിയതിലൂടെ കമ്പനിക്ക് വൻലാഭം ഉണ്ടായെന്നും എഫ്ഐആറിൽ വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്. 


റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ, കിറ്റ്കോ  തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും വരും ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. വിജിലൻസ് ഡയറക്ടർ അനിൽ കാന്തിന്‍റെ നിർദേശ പ്രകാരം വിജിലൻസ് ഐജി എച്ച്. വെങ്കടേഷിന്‍റെ മേൽനോട്ടത്തിൽ എറണാകുളം വിജിലൻസ് റേഞ്ച് എസ്.പി. ഹിമേന്ദ്ര നാഥിന്‍റെയും എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി അശോക് കുമാറിന്‍റെയും നേതൃത്വത്തി‌ലായിരുന്നു പരിശോധന. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K