13 June, 2019 07:15:19 PM


വനിതകളുടെ വിജയകഥ പറയാന്‍ അയ്മനത്ത് വിജയമ്മയുടെ വീടൊരുങ്ങുന്നു; നിര്‍മ്മാണ ജോലിക്കാര്‍ 9 സ്ത്രീകള്‍




കോട്ടയം: വനിതാ കൂട്ടായ്മയുടെ വിജയത്തിന്‍റെ സ്മാരകമായി അയ്മനം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഒരു വീടൊരുങ്ങുന്നു. വീട്ടുടമസ്ഥയടക്കം ഒന്‍പതു സ്ത്രീകളാണ് നിര്‍മാണ ജോലിക്കാര്‍. 400 ചതുരശ്ര അടി വിസ്ത്രീര്‍ണത്തില്‍  45 ദിവസം കൊണ്ട്  പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന  വീടിന്‍റെ അടിത്തറ 12 ദിവസം കൊണ്ട് തയ്യാറായി. 

ഗ്രാമപഞ്ചായത്തിന്‍റെയും ഗ്രാമവികസന വകുപ്പിന്‍റെയും മേല്‍നോട്ടത്തില്‍ നടത്തുന്ന പി.എം.എ.വൈ.ജി  മെയ്സണ്‍ ട്രെയിനിംഗ് പ്രോഗ്രാമിലൂടെയാണ് കുന്നുംപുറത്ത് വിജയമ്മയുടെ വീട് നിര്‍മിക്കുന്നത്. തൊഴിലുറപ്പ് ജോലികള്‍ ചെയ്ത് ശീലമുള്ള അന്‍പത് വയസ്സില്‍ താഴെയുള്ള സ്ത്രീകളെയാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം 250 രൂപ സ്റ്റൈഫന്‍റായി ലഭിക്കും. 

വിജയമ്മയ്ക്കു പുറമെ വത്സല രാജു, ഉഷകുമാരി ഹരിദാസ്, ഷീബ അനില്‍, മിനി അഗസ്റ്റിന്‍, ത്രേസ്യാമ ദേവസ്യ, മുനീശ്വരി ബാലന്‍, ഷൈല സന്തോഷ്, അമ്പിളി എന്നിവരാണ് സംഘത്തിലുള്ളത്. കെട്ടിട നിര്‍മാണ വിദഗ്ധനായ ഷിബുവിന്‍റെ സഹായവും ഇവര്‍ക്കു ലഭിക്കുന്നുണ്ട്. 

വിജയമ്മയ്ക്ക് 2015-16 കാലഘട്ടത്തില്‍ ഇന്ദിര ആവാസ് യോജന പ്രകാരം വീട് നിര്‍മിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് സഹായത്തിനെത്തുന്നത്. നിര്‍മ്മാണ പരിശീലനമായതിനാല്‍ പണിക്കൂലി ഇനത്തിലുള്ള ചിലവ് ഒഴിവാക്കാനായി. വെള്ളം കയറുന്ന പ്രദേശമായതിനാല്‍ കോണ്‍ക്രീറ്റ് ബെല്‍റ്റ് നിര്‍മ്മിച്ചാണ് തറ ഒരുക്കിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K