12 June, 2019 06:53:57 PM


കാട്ടില്‍ വംശനാശം നേരിടുന്ന 'മൂട്ടി'പഴത്തിന് നാട്ടില്‍ പ്രിയമേറുന്നു



- സ്വന്തം ലേഖകന്‍

തൊടുപുഴ: മുപ്പത് വര്‍ഷം മുമ്പ് സഹ്യാദ്രിയില്‍ നിന്ന് തൊടുപുഴയിലെ വണ്ണപ്പുറത്ത് എത്തിയ 'മൂട്ടി'യ്ക്ക് ഇന്ന് കേരളത്തിലാകെ ആരാധകര്‍. മൂട്ടി, മൂട്ടികായ്പന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യം കാട്ടില്‍ വംശനാശം നേരിടുന്നതിനിടെയാണ് തൊടുപുഴ വണ്ണപ്പുറം മലേക്കുടിയില്‍ ബേബിയുടെ ഫാമില്‍ നിന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തികൊണ്ടിരിക്കുന്നത്. 

ഒട്ടേറെ ഔഷധഗുണമുള്ള ഫലമാണ് മൂട്ടിയുടേത്. ബേബിയുടെ സഹോദരനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന ജോയിയാണ് 30 വര്‍ഷം മുമ്പ് കാട്ടില്‍നിന്ന് മൂട്ടിയുടെ തൈ തൊടുപുഴയിലെ തന്‍റെ വീട്ടില്‍ എത്തിച്ചത്. ഒരു ആദിവാസിമൂപ്പനാണത്രേ ജോയിക്ക് ഈ തൈ കാട്ടില്‍ നിന്നും പറിച്ചു നല്‍കിയത്. നാല് വര്‍ഷം കൊണ്ട് മരമായി കായ്ക്കുകയും ചെയ്തു. റബ്ബറിന് ഇടവിളയായി 150ഓളം മൂട്ടി തൈകള്‍ ബേബി നട്ടുവളര്‍ത്തിയിട്ടുണ്ട് ഇപ്പോള്‍. വീട്ടിലാകട്ടെ കായ്ക്കുന്ന ആറ് മരങ്ങള്‍ വേറെയും.

തൈകളായും പഴമായും ബേബിക്ക് ഇന്ന് മൂട്ടി ഒരു വരുമാനമാര്‍ഗം കൂടിയാണ്. ഒരു കിലോയ്ക്ക് 150 രൂപാ വരെ വിലയ്ക്കാണ് മൂട്ടിപഴം വില്‍ക്കുന്നത്. എന്നാല്‍ അയല്‍വാസികള്‍ക്ക് സൌജന്യമായാണ് നല്‍കുന്നതെന്ന് ബേബി പറയുന്നു. എറണാകുളം മാര്‍ക്കറ്റില്‍ നിന്നും പഴം മൊത്തമായി വിലയ്ക്കെടുക്കാന്‍ വ്യാപാരികള്‍ ബേബിയെ സമീപിച്ചിരിക്കുകയാണ്. വിത്ത് പാകി കിളുപ്പിക്കുന്ന തൈകള്‍ക്കും ഡിമാന്‍റ് കൂടുകയാണ്. 300 രൂപയ്ക്കാണ് ഇപ്പോള്‍ തൈകള്‍ വില്‍ക്കുന്നത്. വിപണിയില്‍ സാധ്യതയേറുകയാണ് മൂട്ടിയ്ക്ക്.

ഏതാണ്ട് മഞ്ഞ കലര്‍ന്ന വെള്ള നിറത്തിലുള്ള തടിയുടെ താഴെ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മുഴകളില്‍ നിന്നും ഉണ്ടാകുന്ന ശിഖരങ്ങളിലാണ് പൂ വിരിയുക. ഇതില്‍ മുന്തിരിക്കുല പോലെ രണ്ടും മൂന്നും മീറ്റര്‍ ഉയരത്തില്‍ നീണ്ടുകിടക്കുന്ന കുലകളായാണ് കായ്കളുണ്ടാവുക. പാകമാകുന്ന ഫലം പുളി കലര്‍ന്ന മധുരം, ചെറിയ ക്യ്പ് എന്നീ രുചികളില്‍ കാണാറുണ്ട്. ഇതില്‍ കയ്പ് രുചിയുള്ളതിനാണത്രേ ഔഷധഗുണം കൂടുതല്‍. സാധാരണ ഫെബ്രുവരിയില്‍ പുഷ്പിക്കുന്ന മരത്തില്‍ ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ഫലം കഴിക്കാന്‍ പാകമാകുക.  

ആണും പെണ്ണും എന്നിങ്ങനെ മൂട്ടിമരങ്ങള്‍ രണ്ട് തരമുണ്ട്. ആണ്‍മരം പുഷ്പിക്കുക മാത്രം ചെയ്യും. പെണ്‍മരം പുഷ്പിച്ച് കായ് ഉണ്ടാകുമെങ്കിലും ആണ്‍മരത്തിന്‍റെ സാന്നിദ്ധ്യമില്ലെങ്കില്‍ കായ്ക്കുള്ളില്‍ ഫലമുണ്ടാകില്ലെന്ന് ബേബി പറയുന്നു. അതുകൊണ്ട് തന്നെ നടുമ്പോള്‍ രണ്ട് മരങ്ങളും അടുത്തടുത്ത് നടണം. ബഡ് ചെയ്ത് പിടിപ്പിച്ചാലും ആണ്‍മരം അടുത്തില്ലെങ്കില്‍ കായ്ഫലമുണ്ടാകില്ലത്രേ. കോട്ടയത്ത് അതിരമ്പുഴയില്‍ കോട്ടയ്ക്കുപുറം തെക്കേതോട്ടത്തില്‍ പരേതനായ ബാബുവിന്‍റെ വളപ്പിലെ മൂട്ടിമരവും ഇപ്പോള്‍ കായ്ച്ചിട്ടുണ്ട്. ബേബിയുടെ പക്കല്‍ നിന്നും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊണ്ടുവന്ന് നട്ടതാണ് ഈ തൈകള്‍. 

എവര്‍ഗ്രീന്‍, സെമി എവര്‍ഗ്രീന്‍ വനങ്ങളിലെ അടിക്കാടുകളിലാണ് മൂട്ടി മരങ്ങള്‍ കണ്ടുവരുന്നത്. പരമാവധി 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇവയുടെ ഫലം സര്‍വ്വരോഗസംഹാരിയും ജല-വായു ജന്യ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കാവുന്നതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോളിഫ്ലോറി ഇനത്തില്‍ വരുന്നതും യൂഫോര്‍ബസിയേ കുടുംബത്തില്‍പെട്ടതുമായ ഈ ചെറുമരത്തിന്‍റെ ശാസ്ത്രീയനാമം ബെക്കോറി കോര്‍ട്ടലന്‍സീസ് എന്നാണ്. കുരങ്ങ്, ആന, മാന്‍,കരടി തുടങ്ങിയ മൃഗങ്ങള്‍ക്ക് മൂട്ടിപഴം പഥ്യമാണ്. മലയാറ്റൂര്‍, നേര്യമംഗലം, കുട്ടമ്പുഴ, ഇഞ്ചതൊട്ടി, പൂയംകുട്ടി വനമേഖലകളില്‍ മൂട്ടി ധാരാളം കാണപ്പെട്ടിരുന്നുവെങ്കിലും വംശനാശം നേരിടുകയാണെന്ന് വനപാലകര്‍ പറയുന്നു.




ബേബി മന്ത്രി വി.എസ്.സുനില്‍കുമാറിന്‍റെ വീട്ടിലെത്തി മൂട്ടിയുടെ കാര്‍ഷികസാധ്യതകള്‍ വിലയിരുത്തുകയും അദ്ദേഹത്തിന് തൈ കൈമാറുകയും ചെയ്തിരുന്നു. മണ്ണൂത്തി കാര്‍ഷികസര്‍വ്വകലാശാലയില്‍ നിന്നുള്ള വിദഗ്ധ സംഘം പഠനം നടത്താനായി വണ്ണപ്പുറത്തെ ബേബിയുടെ ഫാമില്‍ എത്തിയിരുന്നു. വിദേശികള്‍ ഉള്‍പ്പെടെ ഒട്ടേറെ ടൂറിസ്റ്റുകളും മൂട്ടിപഴം കാണുന്നതിനും രുചിക്കുന്നതിനും ഇവിടെ എത്തുന്നുണ്ട്. മഴക്കാലരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് മൂട്ടിപഴമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K