10 June, 2019 05:28:58 AM


ബിജെപി - തൃണമൂൽ സംഘർഷം: പശ്ചിമബംഗാളിൽ 12 മണിക്കൂർ ബന്ദ്; ഇടപെട്ട് ആഭ്യന്തര മന്ത്രാലയം



കൊൽക്കത്ത: ബിജെപി - തൃണമൂൽ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ട പശ്ചിമബംഗാളിലെ ബാസിർഹട്ട് ജില്ലയിൽ സ്ഥിതി സംഘർഷഭരിതമായി തുടരുന്നു. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ മൃതദേഹങ്ങൾ പാർട്ടി ഓഫീസിലേക്ക് എത്തിക്കാൻ ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത് പൊലീസ് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടി പശ്ചിമബംഗാളിൽ 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു. രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പശ്ചിമബംഗാൾ സർക്കാരിന് ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. 

പൊലീസാണ് പ്രവർത്തകരെ വെടിവച്ച് കൊന്നതെന്ന് കാട്ടി കോടതിയെ സമീപിക്കുമെന്നാണ് സംസ്ഥാന ബിജെപി ഘടകം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുമാണ് 24 നോർത്ത് പർഗാനാസ് ജില്ലയിലെ സന്ദേശ് ഖാലി എന്നയിടത്തുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ടത്. പതാക ഊരിമാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് വലിയ സംഘർഷത്തിലേക്ക് വഴിമാറിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമബംഗാളിലുണ്ടായ ഏറ്റവും വലിയ അക്രമസംഭവമാണിത്. 

ബാസിർഹട്ട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് സംഘർഷമുണ്ടായ സന്ദേശ് ഖാലി. മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിന്‍റെ നുസ്രത് ജഹാൻ ബിജെപിയുടെ സായന്തൻ ബസുവിനെ തോൽപിച്ചെങ്കിലും സന്ദേശ് ഖാലിയിൽ മുന്നിട്ടു നിന്നത് ബിജെപിയായിരുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K