03 June, 2019 03:47:22 PM


വെള്ളമില്ല ; ചെന്നൈയില്‍ നിന്നും ആളുകള്‍ കേരളത്തിലേക്കും കര്‍ണാടകത്തിലേക്കും പാലായനം ചെയ്യുന്നു




ചെന്നൈ: ജലദൗര്‍ലഭ്യം കടുത്തതോടെ താമസക്കാര്‍ ചെന്നൈ നഗരത്തില്‍ നിന്നും പാലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പുറത്തുള്ള ബന്ധു വീടുകളിലേക്കും നഗരജീവിതം വിട്ട് പച്ചപ്പു തേടി ഗ്രാമത്തിലേക്കും പട്ടണവാസികള്‍ പോകുകയാണ്. പലരും തിരക്കുകളില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്ത് കേരളത്തിലെയും കര്‍ണാടകത്തിലെയും ബന്ധുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കുകയാണ്.


അവധിക്കാലം ചെലവഴിക്കാന്‍ പോയവര്‍ നഗരത്തിലെ ജലദൗര്‍ലഭ്യം കാരണം അവധി നീട്ടുകയാണ്. ശക്തമായ വേനലിനെ തുടര്‍ന്ന് ജല സ്രോതസ് വറ്റിവരണ്ടതിനാല്‍ ചെന്നൈ നഗരം കടുത്ത ജലക്ഷാമത്തിലൂടെയാണ് കടന്നു പോകുന്നത്. നഗരത്തിലെ ജലവിതരണം ദിവസം മൂന്ന് മണിക്കൂര്‍ മാത്രമായി ചുരുങ്ങി. എപ്പോഴാണ് ഈ വെള്ളം വരുന്നതെന്ന് കൃത്യമായി അറിയാനും നിവര്‍ത്തിയില്ല. പലരും ജോലി സ്ഥലത്ത് ആയിരിക്കുമ്പോഴാണ് വെള്ളം വരുന്നത്. അതുകൊണ്ട് പിടിച്ചു വെയ്ക്കാനും കഴിയാത്തത് സ്ഥിതി രൂക്ഷമാക്കുകയാണ്.


2017 ല്‍ മഴ കുറഞ്ഞതും 2018 ല്‍ മണ്‍സൂണ്‍ ചതിച്ചതിനാലും ഭൂഗര്‍ഭജലത്തിന്റെ തോത് വളരെ കുറഞ്ഞതും ചെന്നൈ നഗരത്തില്‍ വലിയ ജലക്ഷാമമാണ് ഉണ്ടാക്കിയിട്ടുള്ളത്. നഗരത്തില്‍ ജല വിതരണം നടത്തുന്ന നാലു ജലസ്രോതസാണ് വറ്റിവരണ്ടത്. കുടിക്കാന്‍ പോലും വെള്ളം കിട്ടാതായതോടെയാണ് പുതിയ പച്ചപ്പ് തേടി നഗരവാസികള്‍ പാലായനം തുടങ്ങിയത്. പലരും ബംഗലുരുവിലും കേരളത്തിലുമുള്ള ബന്ധുക്കളുടെ അരികിലേക്കാണ് പോകുന്നത്. പത്ത് ദിവസത്തേക്ക് വരെ അവധി വാങ്ങിയവര്‍ തിരിച്ചെത്തിയിട്ടും വെള്ളം വന്നിട്ടില്ല.


അവധി കഴിഞ്ഞ് തിരിച്ചെത്തിവരില്‍ പലരും ഇനിയെന്തു ചെയ്യണമെന്ന് ആലോചിച്ച് വിഷമിക്കുകയാണ്. കനത്ത ജലക്ഷാമമാണ് തമിഴ്‌നാട് നേരിടുന്നത്. ഈ മാസം തന്നെ ചെന്നൈയൂം കാഞ്ചീപുരവും ഉള്‍പ്പെടെ 17 ജില്ലകളെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വരള്‍ച്ചാബാധിത പ്രദേശമായി വിലയിരുത്തിയത്. ഈ വര്‍ഷം ഈ ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം മഴകിട്ടിയത് 19 ശതമാനം മുതല്‍ 59 ശതമാനം വരെയാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K