01 June, 2019 06:13:46 PM


കേബിളിടുന്നതിന് റോഡ് വെട്ടിപൊളിക്കാന്‍ അനുമതി; ഏറ്റുമാനൂര്‍ നഗരസഭാ തീരുമാനം വിവാദമാകുന്നു




ഏറ്റുമാനൂര്‍: വാര്‍ഡ് കൌണ്‍സിലറുടെയും നാട്ടുകാരുടെയും എതിര്‍പ്പുകള്‍ മറികടന്ന് മൊബൈല്‍ കമ്പനിക്ക് റോഡ് വെട്ടിപൊളിച്ച് കേബിളിടുവാന്‍ ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ധൃതിപിടിച്ച് അനുമതി നല്‍കിയത് വിവാദമാകുന്നു. ക്ലാമറ്റത്തിനും മംഗളം കോളേജിനുമടുത്ത് സ്ഥിതിചെയ്യുന്ന വെയര്‍ഹൌസ് ബില്‍ഡിംഗില്‍ വൈഫൈ ലഭ്യമാക്കുന്നതിനാണ് കേബിള്‍ ഇടാന്‍ അനുമതി നല്‍കിയതെന്നാണ് നഗരസഭ ചെയര്‍മാന്‍റെ വാദം. ഈ ഇനത്തില്‍ 32 ലക്ഷം രൂപ നഗരസഭയ്ക്കു വരുമാനവും ലഭിക്കുമത്രേ. കേബിള്‍ ഇടുന്നത് വെയര്‍ഹൌസിലേക്കാണെന്ന് പറയുമ്പോഴും നഗരസഭയില്‍ ഹാജരാക്കി അനുമതി വാങ്ങിയ പ്ലാനില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര് വ്യക്തമാക്കിയിരിക്കുന്നത്.


മംഗളം കോളേജിന് സമീപം ജനസാന്ദ്രത ഏറിയ പ്രദേശത്ത് മൊബൈല്‍ ടവര്‍ നിര്‍മ്മിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ഇതിനു പകരമെന്ന വ്യാജേന കേബിളിടുവാന്‍ ഒരു സംഘം കൌണ്‍സിലര്‍മാര്‍ എതിര്‍ത്തിട്ടും നഗരസഭ അനുമതി നല്‍കിയതത്രേ. കൌണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ച് ഒട്ടേറെ തിരിമറികള്‍ നടത്തിയാണ് റോഡ് വെട്ടിപൊളിക്കാന്‍ അനുമതി നല്‍കിയതെന്ന് കൌണ്‍സിലര്‍ ബീനാ ഷാജി ആരോപിക്കുന്നു.


പാലാ റോഡില്‍ മംഗരം കലുങ്ക് ജംഗ്ഷനില്‍നിന്നും ക്ലാമറ്റം റോഡിലൂടെ റോഡ് വെട്ടിപൊളിക്കുന്ന പദ്ധതിയാണ് കഴിഞ്ഞയിടെ നടന്ന കൌണ്‍സിലില്‍ അനുമതി ലഭിക്കുന്നതിനായി അവതരിപ്പിച്ചത്. എന്നാല്‍ വികസനകാര്യ - ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരും വാര്‍ഡ് കൌണ്‍സിലര്‍ ബീനാ ഷാജിയും മുന്‍ ചെയര്‍മാനും മറ്റ് ചില കൌണ്‍സിലര്‍മാരും എതിര്‍പ്പ് പ്രകടിപ്പിച്ചു. പ്രസ്തുത റോഡ് പൊതുമരാമത്ത് വകുപ്പിന്‍റേതാണെന്നും ആയതിനാല്‍ ഇതുവഴി കേബിള്‍ വലിക്കുന്നതിന് നഗരസഭ അനുമതി നല്‍കേണ്ടതില്ലെന്നും അംഗങ്ങള്‍ ചൂണ്ടികാണിച്ചു. ഇതേ തുടര്‍ന്ന് വിഷയം തീരുമാനമെടുക്കാതെ മാറ്റിവെച്ചു.


എന്നാല്‍ സമയം അതിക്രമിച്ചതിനാല്‍ അജണ്ടയില്‍ ഉള്‍കൊള്ളിച്ച എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാനാവാതെ വന്നതോടെ അതിനായി പിറ്റേന്നും യോഗം തുടര്‍ന്നു. പക്ഷെ ആ യോഗത്തില്‍ വളരെ രഹസ്യമായി അനുമതി നല്‍കുകയായിരുന്നു ചെയര്‍മാന്‍ ചെയ്തതെന്ന് കൌണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. അന്നാകട്ടെ തലേന്ന് എതിര്‍പ്പ് പ്രകടിപ്പിച്ച അംഗങ്ങള്‍ എത്തും മുമ്പായിരുന്നുവത്രേ അനുമതി നല്‍കി കൊണ്ട് തീരുമാനമെടുത്തത്. കൌണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെ മാറ്റിവെച്ച വിഷയം അതേ യോഗത്തില്‍ തന്നെ ധൃതി പിടിച്ച് പാസാക്കിയതിന് പിന്നില്‍ ഗൂഡലക്ഷ്യങ്ങള്‍ ഉണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.


പിന്നീട് നഗരസഭയില്‍ നിന്ന് പ്ലാന്‍ എടുത്ത് പരിശോധിച്ചപ്പോഴാണ് തിരിമറികള്‍ നടന്നതായി മനസിലാവുന്നതെന്ന് കൌണ്‍സിലര്‍ ബീനാ ഷാജി പറയുന്നു. പാലാ റോഡില്‍ നിന്നും ക്ലാമറ്റം ഭാഗത്തേക്ക് റോഡ് വെട്ടിപൊളിക്കാനുള്ള പദ്ധതിയാണ് കൌണ്‍സിലില്‍ ആദ്യദിവസം അവതരിപ്പിച്ചത്. എന്നാല്‍ ഒരു രാത്രികൊണ്ട് പദ്ധതിയാകെ മാറി. എം.സി.റോഡില്‍ തവളക്കുഴിയില്‍ നിന്നും ആരംഭിച്ച് എസ്പി പിള്ള റോഡ്, അന്തിമഹാകാളന്‍ കാവ്, കോളേജ് റോഡ് വഴി വെയര്‍ഹൌസ് വരെയുള്ള റോഡ് വെട്ടിപൊളിക്കുന്നതായാണ് പിന്നീട് പ്ലാനില്‍ കാണാനായത്. സാധാരണ കൌണ്‍സില്‍ യോഗങ്ങള്‍ കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞ് മാത്രം എഴുതാറുള്ള മിനിറ്റ്സ് തീരുമാനം കൈകൊണ്ട യോഗത്തിന്‍റെ പിറ്റേന്ന് തന്നെ ധൃതിപിടിച്ച് തയ്യാറാക്കിയതിലും ദുരൂഹത നിലനില്‍ക്കുകയാണെന്ന് ബീന ഷാജി പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K