30 May, 2019 04:15:16 PM


സത്യപ്രതിജ്ഞ വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനില്‍; സഖ്യ കക്ഷികൾക്ക് ഒരു മന്ത്രി മാത്രം



ദില്ലി: രണ്ടാം ബിജെപി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കും. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി കേന്ദ്രമന്ത്രിമാരുടെ അന്തിമപട്ടിക സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ച നടക്കുകയാണ്. അതിനിടെ മന്ത്രിസഭയിലെ മന്ത്രിമാരുടെ ഏകദേശ പട്ടികയും പുറത്ത് വന്നു. സഖ്യകക്ഷികൾക്ക് ഒരു മന്ത്രിസ്ഥാനമെ നൽകാനാകൂ എന്ന തീരുമാനം ബിജെപി അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ ബിജെപി അധ്യക്ഷൻ അമിത്ഷാ ഒരു മണിക്കൂര്‍ നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി. കക്ഷി നേതാക്കളുമായും അമിത്ഷാ ആശയ വിനിമയം നടത്തുന്നു. ക്യാബിനറ്റ് മന്ത്രിമാരിൽ അഞ്ചോ ആറോ പേര്‍ മാറി നിൽക്കാനാണ് സാധ്യത. 


സുഷമാ സ്വരാജ്, നിർമല സീതാരാമൻ, പിയൂഷ് ഗോയൽ, പ്രകാശ് ജാവദേക്കർ, അർജുൻ മേഘ്‌വാൾ  നരേന്ദ്ര സിംഗ് തോമർ, രവിശങ്കർ പ്രസാദ് എന്നിവർ മന്ത്രിസഭയിൽ തുടരും. രാഹുലിനെ സ്വന്തം തട്ടകത്തിൽ തറ പറ്റിച്ച സ്മൃതി ഇറാനിക്ക് മന്ത്രിപദം ഉറപ്പാണ്. ഉത്തർപ്രദേശിൽ നിന്നുള്ള ബോലാസിംഗും കർണാടകത്തിൽ നിന്ന് സദാനന്ദ ഗൗഡയും സുരേഷ് അംഗഡിയും മന്ത്രിസഭയിലേക്ക് എത്തുന്നുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കിരൺ റിജ്ജു വീണ്ടും കേന്ദ്രമന്ത്രിയാകും. മധ്യപ്രദേശിൽ നിന്നുള്ള പ്രഹ്ലാദ് പാട്ടേലിനും മന്ത്രിസഭയിലേക്ക് എത്താനുള്ള ക്ഷണം കിട്ടിയിട്ടുണ്ട്. ദളിത് അംഗങ്ങളിൽ നിന്ന് രാംദാസ് അത്താവ്‍ലെ വീണ്ടും കേന്ദ്രമന്ത്രിയാകും. ബബുൽ സുപ്രിയോ, കൈലാശ് ചൗധുരി എന്നിവരും കേന്ദ്രമന്ത്രിമാരാകുമെന്നാണ് വിവരം. 


കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ, വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളതെങ്കിലും അവസാന സ്ഥിരീകരണം ആയിട്ടില്ല. ദില്ലിക്ക് പുറപ്പെട്ടത് നേതൃത്വം വിളിപ്പിച്ചതല്ലെന്നും മന്ത്രിസഭയിലേക്ക് ഇല്ലെന്നും കുമ്മനം പ്രതികരിച്ചു. മന്ത്രിയാകാനല്ല ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാനാണ് ദില്ലിയിലെത്തിയതെന്നും കുമ്മനം പ്രതികരിച്ചു. കേരളത്തെ അറിഞ്ഞ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും സീറ്റ് കിട്ടാത്തത് മന്ത്രിസ്ഥാനം ലഭിക്കുന്നതിന് തടസമാകില്ലെന്നുമാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള ആവര്‍ത്തിക്കുന്നത്. 


അരവിന്ദ് സാവന്താണ് ശിവസേനയുടെ പ്രതിനിധി. തെലങ്കാനയിൽ നിന്ന് കിഷൻ റെഡ്ഢിയും മന്ത്രിയാകും. അകാലിദളിൽ നിന്ന് ഹർസിമ്രത് കൗർ ബാദൽ വീണ്ടും കേന്ദ്രമന്ത്രിയാകും. സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കും ഒരു മന്ത്രിപദത്തിന് സാധ്യതയുണ്ട്. രാജ്യസഭാംഗമായ വൈത്തിലിംഗത്തിനാണ് സാധ്യത കൽപിക്കപ്പെടുന്നത്. 303 അംഗങ്ങളുടെ പിന്തുണയുമായി രണ്ടാമതും ബിജെപി സര്‍ക്കാര്‍ അധികാരമേറുമ്പോൾ സത്യപ്രതിജ്ഞാ ചടങ്ങ് അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. എണ്ണായിരം പേര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങളാണ് രാഷ്ട്രപതി ഭവനിൽ തയ്യാറാക്കിയിട്ടുള്ളത്. 


കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻസിങ് എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളടങ്ങിയ ബിംസ്റ്റെക് (ബേ ഒഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് എക്കണോമിക്ക് കോ - ഓപ്പറേഷൻ) രാജ്യങ്ങളിലെ തലവൻമാരെ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. മൗറീഷ്യസ്, കിർഗിസ്ഥാൻ രാജ്യങ്ങളിലെ ഭരണ തലവന്മാർ ചടങ്ങിൽ പങ്കെടുക്കും. അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബിജെപിക്കെതിരെ കൊൽക്കത്തയിൽ പ്രതിഷേധിക്കും.



Share this News Now:
  • Google+
Like(s): 145