29 May, 2019 01:20:40 PM


ജോസ് കെ മാണിയെ പൂട്ടി ; കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പിടിച്ചെടുത്തു

വിഭാഗീക നീക്കം നടത്തിയാല്‍ പാര്‍ട്ടി സ്വത്തുക്കളും അംഗത്വവും നഷ്ടമാകും ; കുറുമാറ്റ നിരോധന നിയമവും വരും




തിരുവനന്തപുരം: ചെയര്‍മാന്‍ സ്ഥാനത്തെചൊല്ലി രൂക്ഷമായ ചര്‍ച്ച നടക്കുന്നതിനിടയില്‍ കേരളാ കോണ്‍ഗ്രസ് (എം) പിടിച്ചെടുത്ത് പിജെ ജോസഫ് വിഭാഗം. പിജെ ജോസഫിനെ ചെയര്‍മാനും ജോയ് ഏബ്രഹാമിനെ സെക്രട്ടറിയുമായി നിയമിച്ചെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ജോസഫ് വിഭാഗം കത്തു നല്‍കി. സി.എഫ്. തോമസും മോൻസ് ജോസഫും അടക്കം മൂന്ന് എം.എൽ.എമാർ തങ്ങൾക്കൊപ്പമാണെന്നും കത്തിൽ പറയുന്നുണ്ട്.


പാര്‍ട്ടി സെക്രട്ടറി ജോയ് ഏബ്രഹാമിനെ എത്തിക്കാന്‍ കഴിഞ്ഞതാണ് ജോസഫ് വിഭാഗത്തിന് നേട്ടമായത്. പാര്‍ട്ടി ചെയര്‍മാന്‍, സെക്രട്ടറി എന്നീ പ്രധാന സ്ഥാനമാനങ്ങള്‍ക്കൊപ്പം മൂന്ന് എംഎല്‍എ മാരും തങ്ങള്‍ക്കുണ്ടെന്നതാണ് പാര്‍ട്ടിയുടെ അവകാശവാദം ഉന്നയിക്കാന്‍ ജോസഫിന് തുണയായത്. ഇതോടെ സംസ്ഥാന കമ്മറ്റി വിളിക്കില്ല എന്ന നിലപാടില്‍ ജോസഫ് ഉറച്ചു നില്‍ക്കുകയാണ്. ചെയര്‍മാന്‍ മരണമടഞ്ഞ സ്ഥിതിയില്‍ നടപടിക്രമം അനുസരിച്ച് വര്‍ക്കിംഗ് ചെയര്‍മാനാണ് അതേ സ്ഥാനത്തേക്ക് വരേണ്ടതെന്നും ​ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.


ജോസഫിനെതിരേ കനത്ത പ്രതിരോധം തീര്‍ക്കുന്നതിനിടയില്‍ ജോസ് കെ മാണി അറിയാതെ ആയിരുന്നു ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പാർട്ടി പിളർത്തിയാലും നിയമപരമായി വിമതപക്ഷമായേ കണക്കാക്കൂ. സാങ്കേതികമായി ജോസഫ് വിഭാഗത്തെ ചെറുക്കാന്‍ കഴിയാത്ത സ്ഥിതിയിലായി ജോസ് കെ മാണി വിഭാഗത്തിന്റെ അവസ്ഥ. പാര്‍ട്ടിയുടെ പ്രധാന ചുമതലക്കാ​രെല്ലാം മറുപക്ഷത്ത് നില്‍ക്കുമ്പോള്‍ വിഭാഗീകത നടത്താന്‍ കഴിയാത്ത സ്ഥിതിയിലാകും ജോസ് കെ മാണി.


പാര്‍ട്ടി വിട്ടുപോയാല്‍ നിയമപ്രകാരം പാര്‍ട്ടി അംഗത്വവും പാര്‍ട്ടി സ്വത്തുവകകളും നഷ്ടമാകും. ഇതിനൊപ്പം കൂറുമാറ്റ നിരോധന നിയമം വരികയും ചെയ്യും. പാർട്ടിയിലെ പദവികൾ ഒരു വിധേനയും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ട് ജോസഫ്, മാണി വിഭാഗങ്ങൾ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്. എന്നാൽ ഇരുകൂട്ടരെയും അനുനയിപ്പിക്കാനും ഒരു ഭാഗത്ത് ശ്രമം നടക്കുന്നുണ്ട്. പി.ജെ ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ചില്ലെങ്കിൽ സ്വയം സംസ്ഥാന കമ്മിറ്റി വിളിക്കാൻ മാണി വിഭാഗം തീരുമാനിച്ചിരുന്നു. എന്നാൽ സംസ്ഥാന കമ്മിറ്റി ഒഴിവാക്കി, ഉന്നതാധികാര സമിതി, പാർലമെന്ററി സമിതി എന്നിവ വിളിച്ച് ചേർക്കാൻ ജോസഫ് വിഭാഗവും ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K