22 May, 2019 12:57:46 PM


നാഗമ്പടം പഴയപാലം പൊളിക്കാനുള്ള ശ്രമം വീണ്ടും; ശനിയാഴ്ച കോട്ടയം വഴി ട്രെയിന്‍ ഗതാഗതം ഉണ്ടാവില്ല



കോട്ടയം: നാഗമ്പടത്തെ പഴയ മേൽപാലം പൊളിക്കാനുള്ള ശ്രമം വീണ്ടും. കഴിഞ്ഞ മാസം നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. അന്ന് താത്ക്കാലികമായി ഉപേക്ഷിച്ച ശ്രമം മെയ് 25 ന് തുടരും. എന്നാൽ ഇക്കുറി നിയന്ത്രിത സ്ഫോടനം ആയിരിക്കില്ല. പകരം യന്ത്രങ്ങൾ ഉപയോഗിച്ച് പാലം പല കഷണങ്ങളായി മുറിച്ചു മാറ്റും.


പാലം പൊളിക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴി ട്രെയിന്‍ ഗതാഗതം ഉണ്ടാവില്ല. ഇത് വഴി പോകേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ച് വിടുമെന്ന് റെയില്‍വെ അറിയിച്ചു. ശനിയാഴ്ച വെളുപ്പിനെ 12.30 മുതൽ ഞായറാഴ്ച വെളുപ്പിനെ 12.30 വരെയാണ് ഗതാഗത നിയന്ത്രണം. ഈ സമയം കൊണ്ട് പാലം പൂർണ്ണമായി പൊളിച്ചു നീക്കാനാവുമെന്നാണ് കരുതുന്നത്.


ഏറ്റുമാനൂർ അതിരമ്പുഴ റോഡിലെയും നീണ്ടൂർ റോഡിലെയും പാലങ്ങൾ പൊളിച്ചു നീക്കിയ പ്രക്രിയ തന്നെയായിരിക്കും നാഗമ്പടത്തും. ബ്ലയിഡുകൾ ഉപയോഗിച്ച് പാലം പല കഷണങ്ങളാക്കി മുറിച്ച് ക്രയിനുകളുപയോഗിച്ച് നീക്കം ചെയ്യും. പൊളിക്കുന്നതിന് മുന്നോടിയായി പാലത്തിന് സപ്പോർട്ടിംഗ് നൽകുന്ന ജോലികൾ മാപ്പിള കലാസികളുടെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു.


1953ലാണ് നാഗമ്പടം പാലം നിർമ്മിക്കുന്നത്. കോട്ടയം പാത വൈദ്യുതീകരിച്ചപ്പോൾ ചെറുതായൊന്നുയർത്തി. എന്നാൽ പാലത്തിന് വീതി കുറവായതിനാൽ കോടതി ഉത്തരവ് പ്രകാരം ഇവിടം വേഗത കുറച്ചാണ് ട്രെയിനുകൾ കടത്തിവിട്ടിരുന്നത്.  പാത ഇരട്ടിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ പാലം നിർമ്മിച്ചതിനെ തുടർന്നാണ് പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്. പഴയ പാലം പൊളിച്ചുമാറ്റിയാല്‍ മാത്രമേ ഇതുവഴി പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പൂര്‍ണ്ണമാക്കാനാവു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K