18 May, 2019 05:07:00 PM


കാസർകോട്ടെ റീപോളിംഗിൽ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി



കാസർകോട്: നാളെ റീപോളിംഗ് നടക്കാനിരിക്കുന്ന ബൂത്തുകളിൽ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി കൂടിയായ കാസർകോട് ജില്ലാ കളക്ടർ. കള്ളവോട്ട്  നടന്നതായി കണ്ടെത്തിയ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കയ്യൂര്‍ - ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 48 കൂളിയാട് ജിയുപി സ്‌കൂളില്‍ മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയുന്നതിന് ഒരു വനിതാ ജീവനക്കാരിയെ നിയോഗിച്ചെന്ന് കളക്ടര്‍ ഡോ ഡി.സജിത് ബാബു അറിയിച്ചു.


സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിങ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ, കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ഹാജരാക്കിയാല്‍ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂവെന്നും കളക്ടർ വീണ്ടും വ്യക്തമാക്കി. വോട്ടര്‍ പട്ടികയിലുള്ള പേരും തിരിച്ചറിയല്‍ രേഖയിലെ പേരും ഒരേ പോലെ ആയിരിക്കണം. അല്ലെങ്കിൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി. പോളിങ് സ്റ്റേഷന് വെളിയില്‍ നില്‍ക്കുന്ന ബിഎല്‍ഒ-യില്‍  നിന്ന് വോട്ടര്‍ സ്ലിപ്പ് കൈപ്പറ്റി മാത്രമേ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കാവൂ എന്നും കളക്ടർ അറിയിച്ചു. ഇടതുവശത്തെ നടുവിരലിലാകും മഷി പതിപ്പിക്കുക. ചൂണ്ടുവിരലിൽ മഷി നേരത്തേ പതിപ്പിച്ചതിനാലാണിത്. 


പർദ്ദയിട്ടു മുഖം മറച്ച് വന്നവർ യുഡിഎഫിന് വേണ്ടി കള്ളവോട്ട് ചെയ്തെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ പ്രസ്താവന വിവാദത്തിന് വഴി തെളിച്ചിരുന്നു. പിലാത്തറയിലെ പ്രചാരണയോഗത്തില്‍ ജയരാജന്‍ നടത്തിയ പരാമര്‍ശം മുഖം മറച്ച് വോട്ട് ചെയ്യാനെത്തുന്നവരെ പരാമര്‍ശിച്ചായിരുന്നു. കള്ളവോട്ട് പ്രശ്നത്തില്‍ ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുദ്ദേശിച്ചുള്ള പ്രസംഗം പക്ഷെ വര്‍ഗ്ഗീയമാണെന്നായിരുന്നു യുഡിഎഫിന്‍റെ ആരോപണം. ഒരു സമൂഹത്തെയാകെ അപമാനിക്കുന്ന പ്രസ്താവനയാണിതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.


തര്‍ക്കം മുറുകിയതോടെ ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിയും രംഗത്തെത്തി. ബൂത്ത് ഏജന്‍റ് ആവശ്യപ്പെട്ടാൽ മുഖം കാണിക്കാൻ തയ്യാറാകണമെന്ന് കോടിയേരി പറഞ്ഞു. കള്ളവോട്ട് തടയാനുദ്ദേശിച്ചാണ് എം വി ജയരാജന്‍റെ പ്രതികരണമെന്നും മതപരമായ അധിക്ഷേപമല്ലെന്നും ശ്രീമതി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K