12 May, 2019 12:58:41 PM


ബേക്കല്‍ പോസ്റ്റല്‍ വോട്ട് വിവാദം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്




തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചില്ലെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന കാസര്‍കോട് ബേക്കലിലെ 33 പൊലീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിച്ചില്ലെന്നായിരുന്നു പരാതി. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ സി ഐ മുതല്‍ ഹോം ഗാര്‍ഡ് വരെയുള്ള 44 ഉദ്യോഗസ്ഥര്‍ക്കാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്നത്. മുഴുവന്‍ പേരും പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചിരുന്നെങ്കിലും 11 ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ബാലറ്റ് അനുവദിച്ച് കിട്ടിയത്. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോഡ് നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരായ പൊലീസുകാര്‍ക്കാണ് അപേക്ഷിച്ചിട്ടും പോസ്റ്റല്‍ ബാലറ്റ് കിട്ടാതിരുന്നത്. സംഭവം വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്.

നാല് ദിവസം മുന്‍പ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. യുഡിഎഫ് അനുഭാവികളായ പോലീസുകാര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് നഷ്ടമായത്. ഏപ്രില്‍ 12നകം അപേക്ഷ നല്‍കിയിട്ടും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കാത്തതിന് പിന്നില്‍ രാഷട്രീയ നീക്കമാണെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K