09 May, 2019 12:36:25 PM


തേജ് ബഹാദൂറിന് മോദിക്കെതിരെ മത്സരിക്കാനാകില്ല: ഹർജി സുപ്രീംകോടതി തള്ളി



ദില്ലി: വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നൽകിയ നാമനിർദ്ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെതിരെ മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹർജിയിൽ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വ്യക്തമാക്കി. അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ പത്രിക തള്ളിയതിനെതിരയാണ് തേജ് ബഹാദൂര്‍ യാദവ് ഹര്‍ജി നല്‍കിയത്. 


സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക തള്ളിയത്. എന്നാൽ, ജോലിയില്‍നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് നല്‍കിയിരുന്നുവെന്നും അച്ചടക്കരാഹിത്യത്തിനാണ് നടപടിയെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തേജ് ബഹാദൂർ വാദിക്കുന്നുണ്ട്. 


പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്. അഴിമതി കേസിലാണോ സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചോദ്യത്തിന് ആദ്യം അതേ എന്നായിരുന്നു തേജ് ബഹാദൂര്‍ യാദവ് നൽകിയ മറുപടി. പിന്നീട് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി അത് തിരുത്തുകയും ചെയ്തു. 


ഇതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് തേജ് ബഹാദൂറിന്‍റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. ആദ്യം സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയ തേജ് ബഹാദൂര്‍ പിന്നീട് എസ്പി-ബിഎസ്പി-ആര്‍എൽഡി സഖ്യ സ്ഥാനാർത്ഥിയായി പുതിയ പത്രിക നൽകുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K