09 May, 2019 12:23:46 PM


മാമൻ പോസ്റ്റിട്ടു, ടീച്ചർ ഇടപെട്ടു; കുഞ്ഞിന്‍റെ ചികിത്സാകാര്യത്തില്‍ തീരുമാനവുമായി




കൊച്ചി: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിൽ എത്തിച്ച നവജാത ശിശുവിന്‍റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർ. ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴലിന് വാൽവ് ഇല്ലെന്നും ഹൃദയത്തിനു ഒരു ദ്വാരം ഉള്ളതായും പരിശോധനയിൽ കണ്ടെത്തി. ഇതിനാൽ രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറവാണ്. ഇതിനുള്ള മരുന്നുകൾ നൽകുന്നുണ്ട്.


കുഞ്ഞിന്‍റെ  ആരോഗ്യനില രണ്ടു ദിവസം നിരീക്ഷിച്ച ശേഷമായിരിക്കും ശസ്ത്രക്രിയ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ വേണോ എന്ന് തീരുമാനിക്കുക.  മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് ഹൃദ്രോഗിയായ നവജാത ശിശുവിന് വിദഗ്ദ്ധ ചികിത്സയ്ക്ക് എറണാകുളത്തേക്ക് എത്തിച്ചത് രണ്ട് മണിക്കൂറിലായിരുന്നു. മന്ത്രി കെ കെ ഷൈലജയുടെ ഫേസ് ബുക്ക് പോസ്റ്റിൽ കുഞ്ഞിന്‍റെ ബന്ധുക്കൾ രോഗവിവരം അറിയിച്ചതിന് പിന്നാലെ സർക്കാർ ഇടപെടുകയും വിദഗ്ദ്ധ ചികിത്സ ഏർപ്പെടുത്തുകയുമായിരുന്നു.


രക്താര്‍ബുദത്തോട് പൊരുതി എസ്എസ്എല്‍സിക്ക് മികച്ച ജയം കൈവരിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് ജിയാസ് മടശേരി എന്ന യുവാവ് സഹായമഭ്യര്‍ത്ഥിച്ചെത്തിയത്. സഹോദരിയുടെ കുഞ്ഞിന്‍റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കമന്‍റ്. 


കമന്‍റ് ശ്രദ്ധയിൽപെട്ട ഉടൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് പരിശോധിക്കാൻ നിർദ്ദേശം നൽകുകയും, സംഭവം സത്യമാണെന്ന് മനസിലായതോടെ ഇന്നലെ രാത്രി തന്നെ കൊച്ചിയിലേക്ക് മാറ്റുകയുമായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് കുഞ്ഞിനെ എറണാകുളത്തെ ലിസി ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായം. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശികളാണ് കുഞ്ഞിന്റെ കുടുംബം. ഇവർ പെരിന്തൽമണ്ണ കിംസ് അൽ ഷിഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K