05 May, 2019 10:56:50 PM


ഏറ്റുമാനൂര്‍ പാറോലിക്കല്‍ കവലയില്‍ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് കുമാരനല്ലൂര്‍ സ്വദേശി യുവാവ് മരിച്ചു



ഏറ്റുമാനൂര്‍: എം.സി.റോഡില്‍ പാറോലിക്കല്‍ കവലയില്‍ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു. കുമാരനല്ലൂര്‍ കണിയാറ്റുകുന്ന് വീട്ടില്‍ ഗോപികൃഷ്ണന്‍ (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും വന്ന സ്കൂട്ടര്‍ പാറോലിക്കല്‍ കവലയില്‍നിന്നും ഓള്‍ഡ് എം.സി.റോഡിലേക്ക് തിരിയവേ പിന്നില്‍നിന്നും വന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം. 


സ്കൂട്ടറില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ദിശയില്‍നിന്നും വന്ന കാറിലിടിച്ചതോടെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഗോപികൃഷ്ണന്‍ തലയടിച്ച് റോഡില്‍ വീഴുകയായിരുന്നു. ബൈക്കും സ്കൂട്ടറും ഓടിച്ചിരുന്ന യുവാക്കളെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാഭ്യാസവകുപ്പ് റിട്ട ജീവനക്കാരന്‍ പി.ബാലചന്ദ്രന്‍ നായരുടെയും കാരാപ്പുഴ സ്കൂള്‍ പ്രധാനാദ്ധ്യാപിക പി.സുശീലയുടെയും മകനാണ് ഗോപികൃഷ്ണന്‍. സഹോദരങ്ങള്‍ വിഷ്ണു, ജയകൃഷ്ണന്‍. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K