03 May, 2019 03:44:37 PM


ഫോനി: മൂന്ന് മരണം; 1000 കോടി ദുരിതാശ്വാസം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; വിമാനസർവീസുകള്‍ നിർത്തി



ഭുവനേശ്വർ: ആന്ധ്രാ തീരത്തുനിന്നും നീങ്ങിയ ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ ആഞ്ഞടിക്കുകയാണ്. ചുഴലിക്കാറ്റിൽ ഇതുവരെ മൂന്ന് പേർ മരിച്ചു. തീരമേഖലയിൽ കനത്ത നാശനഷ്ടമാണുണ്ടായത്. പുരിയുടെ ചുറ്റുമുള്ള മേഖലകളിൽ കനത്ത മഴയും ശക്തിയേറിയ കാറ്റും തുടരുകയാണ്. ഭുവനേശ്വർ, പുരി നഗരങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങള്‍ വെള്ളത്തിൽ മുങ്ങി. വൈകിട്ട് ആറരയോടെ ചുഴലിക്കാറ്റ് ബംഗാളിലേക്ക് എത്തും. നിരവധി മരങ്ങളും ചെറുകൂരകളും കട പുഴകി. മരങ്ങളും വൈദ്യുത പോസ്റ്റുകളും കട പുഴകി വീണ് പല കെട്ടിടങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്.



രാവിലെ എട്ട് മണി മുതൽ കൊൽക്കത്തയിൽ നിന്നുള്ള എല്ലാ വിമാനസർവീസുകളും നിർത്തി വച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ട് മണി മുതൽ രാവിലെ എട്ട് മണി വരെ 24 മണിക്കൂർ നേരത്തേക്കാണ് സർവീസ് നിർത്തിവച്ചിരിക്കുന്നത്. ഭുവനേശ്വർ വിമാനത്താവളത്തിലെ എല്ലാ വിമാനസർവീസുകളും ഇനിയൊരറിയിപ്പ് നൽകുന്നത് വരെ നിർത്തി വച്ചു. 83 പാസഞ്ചർ ട്രെയിനുകളുൾപ്പടെ 140 തീവണ്ടികൾ ഇതുവരെ റദ്ദാക്കി. 



കനത്ത കാറ്റില്‍ ഭുവനേശ്വരിലെ എയിംസിലെ ഒരു ഹോസ്റ്റലിന്‍റെ മേല്‍ക്കൂര പറന്ന് പോയി.  പ്രസ് ഇന്‍ഫര്‍മേഷൻ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ സീതാന്‍ഷു കര്‍ ആണ് കാറ്റിന്‍റെ വേഗത വ്യക്തമാക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ എയിംസിലുള്ള വിദ്യാര്‍ത്ഥികളും, രോഗികളും ജീവനക്കാരും സുരക്ഷിതരാണ്. 240 കിമീ വേ​ഗതയിൽ ഫോനി ഒഡീഷന്‍ തീരത്ത് എത്തിയതോടെ അതീവജാഗ്രതയിലാണ് ഇന്ത്യയുടെ കിഴക്കന്‍ തീരം.ചുഴലിക്കൊടുങ്കാറ്റിന്‍റെ വരവ് കണക്കിലെടുത്ത് ഭുവനേശ്വര്‍ വിമാനത്താവളം ഇന്നലെ തന്നെ അടിച്ചിട്ടിരുന്നു. ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ മരങ്ങള്‍ കടപുഴകുകയും വീടുകള്‍ തകരുകുയം ചെയ്തു.


ഇതുവരെ പതിനൊന്ന് ലക്ഷം പേരെയെങ്കിലും ഒഡിഷ സർക്കാർ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഫോനിയുടെ സഞ്ചാരപാതയിലുളള ഗജപതി, ഗഞ്ചം, ഖുർദ, പുരി, നായ്‍ഗഢ്, കട്ടക്ക്, ജഗത്‍സിംഗ് പൂർ, കേന്ദ്രപാര, ജാജ്‍പുർ, ഭദ്രക്, ബാലാസോർ മയൂർ ഭഞ്ച്, ധൻകനാൽ, കിയോൻചാർ എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ഗഞ്ചമിലും പുരിയിലും മാത്രമായി നാലരലക്ഷത്തോളം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. അയ്യായിരത്തോളം അടുക്കളകളും ഇവർക്കായി സജ്ജമാക്കി. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി കര, നാവിക, വ്യോമസേനകളും കോസ്റ്റ് ഗാർഡും ദുരന്ത നിവാരണ അതോറിറ്റിയും സജീവമായി രംഗത്തുണ്ട്.  



കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റാണ് ഫോനി. വേനൽക്കാലത്ത് ചുഴലിക്കാറ്റുകൾ അപൂർവമാണ്. തീരെ അപ്രതീക്ഷിതമായാണ് ബംഗാൾ ഉൾക്കടലിൽ രണ്ടാഴ്ച മുൻപ് ന്യൂനമർദ്ദം രൂപം കൊണ്ടതും, ശ്രീലങ്കൻ തീരത്തിന് അടുത്തുകൂടി, തമിഴ്‍നാട്, ആന്ധ്ര തീരം വഴി ഒഡിഷയിലേക്ക് എത്തിയതും. 'പാമ്പിന്‍റെ കഴുത്ത്' എന്നാണ് ഫോനി എന്ന വാക്കിന്‍റെ അർത്ഥം. ബംഗ്ലാദേശ് സർക്കാരാണ് ചുഴലിക്കാറ്റിന് ഈ പേര് നൽകിയത്. 

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K