01 May, 2019 12:09:03 PM


'നഗ്നസ്വാമി' നിയമസഭയില്‍ നടത്തിയ പ്രഭാഷണത്തെ പരിഹസിച്ചവര്‍ക്ക് പത്തു ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി



ചണ്ഡിഗഡ്: നഗ്നസ്വാമി എന്നറിയപ്പെടുന്ന മുനി തരുൺ സാഗർ മഹാരാജ ഹരിയാന നിയമസഭയിൽ നടത്തിയ പ്രസംഗത്തെ പരിഹസിച്ച സംഗീത സംവിധായകനായ വിശാല്‍ ദാദ്‍ലാനി, രാഷ്ട്രീയക്കാരനായ തെഹ്‍സീന്‍ പൂനാവാല എന്നിവര്‍ക്ക് 10 ലക്ഷം രൂപ പിഴ വിധിച്ച് ഹരിയാന ഹെെക്കോടതി. ഇരുവരും പ്രസിദ്ധി ലഭിക്കുന്നതിനായാണ് തരുൺ സാഗർ മഹാരാജയെ പരിഹസിച്ചതെന്ന് കോടതി വിലയിരുത്തി.




2016 ഓഗസ്റ്റ് 25നാണ് മുനി തരുൺ സാഗർ മഹാരാജ  ഹരിയാന നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇത് രാജ്യത്ത് വലിയ ചര്‍ച്ചയായതിന് പിന്നാലെ ഇത്തരം ആളുകള്‍ക്ക് വോട്ടു ചെയ്താല്‍ ഇതുപോലുള്ള അസംബന്ധങ്ങള്‍ കാണേണ്ടിവരുമെന്നാണ് വിശാല്‍ ട്വീറ്റ് ചെയ്തു. ആം ആദ്മിയെ പിന്തുണയ്ക്കുന്ന വിശാലിനെതിരെ അരവിന്ദ് കേജ്‍രിവാള്‍ അടക്കം രംഗത്ത് വന്നതും അന്ന് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഒരു സ്ത്രീ നഗ്നയായി എത്തിയാല്‍ അവളെ വേശ്യയെന്ന് വിളിക്കുമെന്നും ചിലര്‍ നിയമസഭയില്‍ നഗ്നനായി വന്നാല്‍ അതിനെ വിശുദ്ധമാക്കുമെന്നുമായിരുന്നു തെഹ്‍സീന്‍ പൂനാവാലയുടെ വിമര്‍ശനം.


ഹരിയാന നേരിടുന്ന പെണ്‍ഭ്രൂണഹത്യയെക്കുറിച്ചൊക്കെയാണ് അന്ന് ഹരിയാന നിയമസഭയില്‍ മുനി തരുൺ സാഗർ മഹാരാജ് സംസാരിച്ചത്. രാജ്യത്തു സ്ത്രീ – പുരുഷ അനുപാതം വർധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 1000 പുരുഷന്മാർക്കു 990 സ്ത്രീകളാണ് ഇപ്പോഴുള്ളത്. ഇതിനർഥം 10 പുരുഷന്മാർ വിവാഹം കഴിക്കാതിരിക്കണമെന്നാണ്. ഇതു വിഷമകരമായ സ്ഥിതിയാണ്. ഇതു വർധിപ്പിക്കാൻ പെൺമക്കളുള്ള രാഷ്ട്രീയക്കാർക്കു തിരഞ്ഞെടുപ്പിൽ മുൻഗണന നൽകുക തുടങ്ങി  പല കാര്യങ്ങൾ ചെയ്യാനാവുമെന്ന് മുനി പറഞ്ഞിരുന്നു.


പെൺകുട്ടികളുള്ള വീടുകളിൽനിന്നുള്ളവർക്കു മാത്രമേ പെൺമക്കളെ വിവാഹം ചെയ്തു കൊടുക്കൂ എന്നു മാതാപിതാക്കൾ തീരുമാനിക്കണം. അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ രാജ്യാന്തര ബന്ധങ്ങളെ പരാമര്‍ശിച്ച ഇദ്ദേഹം പാകിസ്ഥാനെക്കുറിച്ചു പരാമര്‍ശിച്ചു. പാകിസ്ഥാന്‍ ഭീകരവാദത്തെ കയറ്റി അയക്കുകയാണെന്ന് പറഞ്ഞ മുനി തരുൺ സാഗർ ശിവന് ബ്രഹ്മാസുരന്‍ ഉണ്ടാക്കിയ രീതിയിലുള്ള പ്രശ്നമാണ് ഇന്ത്യയ്ക്ക് പാകിസ്ഥാന്‍ ഉണ്ടാക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. തെറ്റുകള്‍ മാത്രം ചെയ്യുന്ന ഒരു രാജ്യം ഉണ്ടെങ്കില്‍ അത് പാകിസ്ഥാന്‍ ആണെന്നും മുനി തരുണ്‍ സാഗര്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K