30 April, 2019 01:20:04 PM


മസൂദ് അസറിനെതിരായ നീക്കം വിജയത്തിലേക്ക്; ആഗോള ഭീകരനെന്ന പേര് നാളെ പതിഞ്ഞേക്കും



ദില്ലി: പാകിസ്താന്‍ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭയില്‍ ലോകരാജ്യങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യം മെയ് ഒന്നിന് അംഗീകരിക്കപ്പെടുമെന്ന് സൂചന. അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നടത്തുന്ന നീക്കങ്ങള്‍ തടസ്സംനില്‍ക്കുന്ന ചൈന ഇത്തവണ അതിനു മുതിരില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇതോടെ ജെയ്‌ഷെയ്‌ക്കെതിരായ സാമ്പത്തിക ഉപരോധം കൂടുതല്‍ ശക്തമാകും.


ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തിന് പിന്നാലെയാണ് അസറിനെതിരെ കേന്ദ്രസര്‍ക്കാര്‍ നീക്കം ശക്തമാക്കിയത്. അസറിനെ ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനായാല്‍ അത് രാജ്യാന്തര തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വലിയ വിജയം കൂടിയാണ്. പുല്‍വാമ ആക്രമണത്തിനു ശേഷം യു.കെ അമേരിക്ക എന്നിവരുടെ പിന്തുണയോടെ ഫ്രാന്‍സ് അസറിനെതിരെ യു.എന്‍ 1267 സാങ്ഷന്‍സ് കമ്മിറ്റി പ്രകാരം പ്രമേയം കൊണ്ടുവന്നുവെങ്കിലും ചൈന വീറ്റോ ചെയ്യുകയായിരുന്നു.


2001 ഒക്‌ടോബര്‍ മുതല്‍ മൂന്നു തവണ യു.എന്‍ രക്ഷാസമിതിയില്‍ ഈ ആവശ്യം ഉയര്‍ന്നുവെങ്കിലും ചൈന വീറ്റോ പ്രയോഗിക്കുകയായിരുന്നു. കഴിഞ്ഞ തവണയും രക്ഷാസമിതിയില്‍ ഈ ആവശ്യം വന്നുവെങ്കിലും വിയോജിപ്പ് പ്രകടിപ്പിക്കാന്‍ അനുവദിച്ചിരുന്ന അവസാന ദിനം ചൈന കൂടുതല്‍ സാവകാശം തേടുകയായിരുന്നു. ഇതോടെ ചൈനയ്ക്കു മേല്‍ മറ്റ് അംഗരാജ്യങ്ങളുടെ സമ്മര്‍ദ്ദം ഏറിയിരുന്നു. കഴിഞ്ഞയതാഴ്ച ഇന്ത്യയിലെത്തിയ യു.എസ് ദക്ഷിണ, മധ്യേഷ്യയുടെ ചുമതലയുള്ള അസിസ്റ്റന്റ് സ്‌റ്റേറ്റ് സെക്രട്ടറി ആലിസ് വെല്‍സ് അസറിനെതിരെ എത്രയും പെട്ടെന്ന് നടപടിക്ക് നീക്കം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഡൊമിനിക് അസ്‌ക്വിതും അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.


ഭീകര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായാണ് 1999 ഡിസംബര്‍ 13ന് അസറിനെ മോചിപ്പിച്ചത്. തഇന്ത്യയില്‍ നിരവധി കൊടുകുറ്റകൃത്യങ്ങള്‍ നടത്തിയതിന്റെ പേരില്‍ പിടിയിലായ ഭകീരനായിരുന്നു അസര്‍. തുടര്‍ന്ന് 2001 പാര്‍ലമെന്റ് ആക്രമണം, ജമ്മു കശ്മീര്‍ നിയമസഭ ആക്രമണം, കശ്മീരില്‍ സുരക്ഷകാ സേനയ്ക്കു നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണം, 2016ലെ പത്താന്‍കോട്ട് വ്യോമതാവളം ആക്രമണം ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ അസറിന്റെ കയ്യുണ്ടെന്ന് കണ്ടെത്തിയിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K