30 April, 2019 11:44:34 AM


തിരുവനന്തപുരം വിമാനത്താവളത്തില്‍ ജീവനക്കാരനില്‍ നിന്നും 10 കിലോ സ്വർണം പിടികൂടി



തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ എയര്‍പോര്‍ട്ട് ജീവനക്കാരനില്‍ നിന്നും 10 കിലോയോളം സ്വർണം പിടികൂടി. എയർ പോർട്ടിലെ എസി മെക്കാനിക്കായ അനീഷിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ദുബായിൽ നിന്ന് എമിറേറ്റസ് വിമാനത്തിൽ എത്തിച്ച സ്വര്‍ണ്ണം എയർപോർട്ടിൽ നിന്നും പുറത്തേക്ക് കടത്താൻ ശ്രമിക്കവെയാണ് അനീഷ് കസ്റ്റംസ് ഇന്‍റലിജൻസിന്‍റെ പിടിയിലായത്.


സ്വർണക്കടത്തിനായി എയർപോർട്ടിലെ ജീവനക്കാർ ഒത്താശ ചെയ്യുന്നതായി ഡിആർഐ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ എയർപോർട്ടിൽ പരിശോധന ക‌ർശനമാക്കുകയും ചെയ്തിരുന്നു. എയർപോർട്ടിന് പുറത്തേക്ക് സ്വ‍ർണം കടത്താൻ ശ്രമിച്ച അനീഷിനെ സിഎസ്എഫ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. അനീഷിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സിഎസ്എഫ് പരിശോധനക്കായി ഒരുങ്ങവെ അനീഷ് എയർപോർട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി കസ്റ്റംസ് ഇന്‍റലിജൻസിനെ ഏൽപ്പിക്കുകയായിരുന്നു.


എയർപോർട്ടിലെ ടോയ്ലറ്റിൽ നിന്നാണ് സ്വർണം ലഭിച്ചതെന്നാണ് അനീഷ് ആദ്യം പറഞ്ഞത്. എന്നാൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് അനീഷ് സ്വർണം വാങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മൊബൈൽ ഫോണിന്‍റെ രൂപത്തിലാണ് 82 സ്വർണ ബിസ്ക്കറ്റുകൾ കടത്താൻ ശ്രമിച്ചത്. ഇത് അഞ്ചാം തവണയാണ് വിമാനത്താവളത്തിലൂടെ സ്വർണക്കടത്ത് നടത്തുന്നതെന്ന് അനീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. അനീഷിന് സ്വർണം കൈമാറിയ യാത്രക്കാരന് വേണ്ടിയും അന്വേഷണം ഊർജിതമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K