27 April, 2019 11:04:23 PM


ക്യാൻസറിന് കാരണമാകുന്ന രാസവസ്തുകള്‍; ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി ഷാംപു പിന്‍വലിക്കാന്‍ ഉത്തരവ്




ദില്ലി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്‍റെ വില്‍പ്പന അടിയന്തരമായി നിര്‍ത്തിവെയ്ക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പട്ടു. ക്യാന്‍സറിനു കാരണമാകുന്ന ഫോര്‍മല്‍ഡിഹൈഡ് എന്ന രാസവസ്തു ഷാംപൂവില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളോടും സ്‌റ്റോക്കുകള്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.


ബില്‍ഡിംഗ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന പദാര്‍ത്ഥമാണിത്. 2020 സെപ്തംബര്‍ വരെ കാലാവധിയുള്ള രണ്ട് ബാച്ചുകളില്‍പെട്ട ബേബി ഷാംപൂവാണ് പരിശോധനക്ക് വിധേയമാക്കിയത്. കമ്പനിയുടെ ഹിമാചല്‍ പ്രദേശിലെ പ്ലാന്‍റിലായിരുന്നു ഇത് ഉത്പാദിപ്പിച്ചത്. ഇടക്കാല പരിശോധനാ ഫലമായാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നതെന്നും അത് ഞങ്ങള്‍ തള്ളിക്കളയുകയുമാണെന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ നിലപാട്. ഷാംപൂവില്‍ ഫോര്‍മാലിഹൈഡ് ഉപയോഗിക്കില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍ കടുത്ത നടപടിയുമായി രംഗത്തെത്തിയത്.


യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ആന്‍റ് ജോണ്‍സന്‍റെ ബേബി ഷാംപൂവില്‍ ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥമുണ്ടെന്ന് നേരത്തെ രാജസ്ഥാന്‍ ഡ്രഗ് കണ്‍ട്രോളര്‍ നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് വിപണിയിലുള്ള ബേബി ഷാംപൂവിന്‍റെ മുഴുവന്‍ സ്റ്റോക്കുകളും പിന്‍വലിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഈ കമ്പനിയുടെ പൗഡറില്‍ ക്യാസറിനു കാരണമാകുന്ന അസബാറ്റോസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് നിര്‍ത്തിവച്ച ബേബി പൗഡര്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് വീണ്ടും വിപണിയില്‍ എത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K