27 April, 2019 09:56:15 PM


എരുമേലിക്കടുത്ത് ടൂറിസ്റ്റ് ബസ് കാറിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു; ഇരുപതോളം പേര്‍ക്ക് പരിക്ക്



മുണ്ടക്കയം: കണ്ണിമല മഠം പടിയിൽ അപകടം. ടൂറിസ്റ്റ് ബസ് കാറിലിടിച്ച് ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേക്ക് മറിഞ്ഞു. വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല. തലയിൽ ബസിലെ സീറ്റിന്‍റെ കമ്പി കൊണ്ട് മുറിവേറ്റ ഒരാൾ ഉൾപ്പടെ സാരമായി പരുക്കുകളേറ്റ നാല് പേരെ ആശുപത്രിയിൽ എത്തിച്ചു. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി. കൊല്ലം കുണ്ടറയിൽ നിന്നും കുമളിയിൽ എത്തി വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപെട്ടത്. 


ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ എരുമേലി -മുണ്ടക്കയം റോഡിൽ കണ്ണിമല മഠം പടി ഇറക്കത്തിലാണ് സംഭവം. ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ബസ് റോഡരികിൽ പാർക്ക്‌ ചെയ്തിരുന്ന കാറിൽ ഇടിച്ച ശേഷം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേക്ക് മുൻഭാഗം ഇടിച്ചു നിൽക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന കാറിൽ ആരും ഇല്ലായിരുന്നു. കുഴിയിലേക്ക് മറിയുമ്പോൾ പിൻഭാഗം ഉയർന്നു നിന്ന ബസിൽ നിന്നും യാത്രക്കാർ മുന്നിലേക്ക് വീണാണ് പരുക്കുകളേറ്റത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ ഏണി ഉപയോഗിച്ചാണ് പുറത്തിറക്കിയത്. 


പരുക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ബസ് ഇടിച്ച കാർ തകർന്ന നിലയിലാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. താഴ്ന്ന ഗിയറിൽ ഇറക്കമിറങ്ങിയപ്പോൾ നിയന്ത്രണം തെറ്റി ബസ് ഇറക്കത്തിലെ കൊടുംവളവ് തിരിയാതെ വന്നതാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഒട്ടേറെ അപകടങ്ങളെ തുടർന്നാണ് ഇവിടെ സുരക്ഷാ ക്രമീകരണമായി ക്രാഷ് ബാരിയർ സ്ഥാപിച്ചത്. ഇതിന് ശേഷവും ശബരിമല സീസണിലും അല്ലാതെയുമായി വലിയ വാഹനങ്ങൾ ഉൾപ്പടെ ഒട്ടേറെ വാഹനങ്ങൾ ഇവിടെ അപകടത്തിൽപെട്ടു. ക്രാഷ് ബാരിയറിൽ ഇടിക്കുമ്പോൾ അപകടത്തിന്റെ ആഘാതം കുറയുകയും വൻ അപകടം ഒഴിവാകുകയുമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K