27 April, 2019 08:43:50 PM


സ്‌കൂട്ടറും സ്വകാര്യബസും കൂട്ടിയിടിച്ച് കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്



നീണ്ടൂര്‍:  സ്‌കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 11.30 ന് നീണ്ടൂര്‍ റോഡില്‍ കൈപ്പുഴ കുരിശ് പള്ളിയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ പരിക്കേറ്റ കടുത്തുരുത്തി കൊല്ലം പറമ്പില്‍ ഷിജി (44) , ഭാര്യ ബിന്ദു (41) , മക്കളായ ജെറാള്‍ഡ് (12) , ജോസഫ് (7) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദന ബസിന്റെ മുന്നിലെ ടയറിന്റെ തൊട്ടുപിന്നിലായാണ് സ്‌കൂട്ടര്‍ ഇടിച്ച് കയറിയത്. അതിരമ്പുഴ റോഡില്‍ നിന്നും നീണ്ടൂര്‍ റോഡിലേയ്ക്ക് കയറുകയായിരുന്നു സ്വകാര്യ ബസ്. നീണ്ടൂര്‍ ഭാഗത്ത് നിന്നും എത്തിയ സ്‌കൂട്ടര്‍ നിയന്ത്രണം നഷ്ടമായി ബസിന്റെ അടിയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റ നാലു പേരെയും പുറത്തെടുത്തത്. ഇതു വഴി എത്തിയ ഓട്ടോറിക്ഷയിലാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഷിജിയ്ക്ക് തലയ്ക്കും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ബിന്ദുവിനും തലയ്ക്കാണ് പരിക്ക്. അപകടത്തെ തുടര്‍ന്ന് കൈപ്പുഴ റോഡില്‍ ഗതാഗതം തടസപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K