24 April, 2019 10:18:31 AM


ഒരൊറ്റ വോട്ടിനായി ജീവന്‍ പണയം വച്ച് ഗിര്‍ വനത്തില്‍ പോളിങ് ബൂത്തൊരുക്കി




ദില്ലി: ഒരൊറ്റ വോട്ടിനായി ജീവന്‍ പണയം വച്ച് ഗിര്‍ വനത്തില്‍ ഇക്കുറിയും പോളിങ് ബൂത്തൊരുക്കി. ഗുജറാത്തിലെ ഗിര്‍ വനത്തിനുള്ളില്‍ കഴിയുന്ന ഒരു സന്യാസിക്ക് വേണ്ടി മാത്രമാണ് ജീവന്‍ പണയപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോളിംഗ് ബൂത്ത് ഒരുക്കിയത്. വര്‍ഷങ്ങളായി ഗിര്‍ വനത്തിനുള്ളില്‍ തപസ് ചെയ്യുന്ന മെഹന്ത് ഭരത് ദാസ് ദര്‍ശന്‍ ദാസ് എന്ന സന്യാസിക്ക് വേണ്ടിയാണ് കമ്മിഷന്‍ പോളിങ് ബൂത്ത് ഒരുക്കിയത്. 2002 മുതല്‍ ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഭരത് ദാസ് വോട്ട് രേഖപ്പെടുത്തുന്നുണ്ട്.


ഗിര്‍ വനത്തിനടുത്ത് ജുനാഗഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബനേജ് ഗ്രാമത്തിലെ ഒരു ക്ഷേത്ര പരിസരത്താണ് പോളിങ് ബൂത്ത് സജ്ജീകരിച്ചത്. ഇവിടുത്തെ അതിപുരാതന ശിവക്ഷേത്രത്തിലാണ് വര്‍ഷങ്ങളായി ഭരത്ദാസ് തപസിരിക്കുന്നത്. വോട്ടര്‍മാര്‍ നില്‍ക്കുന്നിടത്തു നിന്നും രണ്ട് കിലോമീറ്റര്‍ അകലെ മാത്രമേ പോളിങ് ബൂത്ത് ഒരുക്കാന്‍ പാടുള്ളുവെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കര്‍ശനനിര്‍ദ്ദേശം ഉള്ളതുകൊണ്ടാണ്, അപകടകരമാണെന്ന് അറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ഇവിടെ വന്ന് പോളിങ് ബൂത്ത് ഒരുക്കുന്നത്. സിംഹങ്ങളും കടുവകളും വന്യജീവികളും അധിവസിക്കുന്ന ഗിര്‍ വനത്തിലേക്ക് ജീവന്‍ പണയം വച്ചാണ് ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഉദ്യോഗസ്ഥര്‍ എത്താറുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K