18 April, 2019 10:10:21 PM


കേരളത്തിൽ ഗുസ്തി, ദില്ലിയിൽ ദോസ്തി; കോണ്‍ഗ്രസും സിപിഎമ്മും അവസരവാദികളെന്ന് മോദി



തിരുവനന്തപുരം: തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് നരേന്ദ്ര മോദി. ''കേരളത്തിൽ വന്ന് മത്സരിക്കുന്നത് യോജിപ്പിന്‍റെ സന്ദേശമാണെന്നല്ലേ കോൺഗ്രസ് അദ്ധ്യക്ഷൻ പറയുന്നത്? തിരുവനന്തപുരത്ത് മത്സരിച്ച് സന്ദേശം കൊടുത്തുകൂടേ? പത്തനംതിട്ടയിലിറങ്ങി മത്സരിച്ചു കൂടേ?'', മോദി ചോദിക്കുന്നു. 'ഇവിടെ തമ്മിൽ ഏറ്റുമുട്ടിയാലും കേരളത്തിലെ രണ്ട് മുന്നണികളും ദില്ലിയിലെത്തിയാൽ ഒന്നാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ കേരളത്തിലെ വയനാട്ടിൽ മത്സരിച്ച് ഇടതിനെതിരെ ഒരക്ഷരം മിണ്ടില്ലെന്ന് പറയുന്നു? കേരളത്തിൽ ഗുസ്തി, ദില്ലിയിൽ ദോസ്തി (ചങ്ങാത്തം). ഇതാണ് ഇവരുടെ രാഷ്ട്രീയം. അവസരവാദികളാണ് ഈ മുന്നണികളിലുള്ളവരെല്ലാം.', മോദി ആരോപിക്കുന്നു.


അതേസമയം, ശബരിമല എന്ന വാക്ക് പരാമർശിക്കാതെയാണ് രണ്ടാമത്തെ പ്രചാരണപരിപാടിയിലും മോദി സംസാരിച്ചത്. 'കേരളത്തിൽ ദൈവത്തിന്‍റെ പേര് പോലും പറയാൻ പറ്റാത്ത അവസ്ഥയാണ്. ദൈവത്തിന്‍റെ പേര് പറഞ്ഞാൽ ഇവിടത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ജയിലിലിടും. ലാത്തിച്ചാർജ് നടത്തും', മോദി പറഞ്ഞു. മെയ് 23 - ന് ശേഷം വീണ്ടും മോദി സർക്കാർ രൂപീകരിക്കപ്പെടുമ്പോൾ കോടതി തൊട്ട് പാർലമെന്‍റ് വരെ നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ പോരാടുമെന്നും അതിന് ഭരണഘടനാപരമായ പിന്തുണ നൽകുമെന്നും മോദി വാഗ്‍ദാനം ചെയ്യുന്നു. 


മുഖ്യമന്ത്രി പിണറായി വിജയനെയും മോദി പ്രസംഗത്തിൽ കടന്നാക്രമിച്ചു. ലാവലിൻ അഴിമതിയാരോപണത്തിന്‍റെ നിഴലിൽ നിൽക്കുന്നയാളാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി. മറ്റ് മന്ത്രിമാർക്കെതിരെയും ഗുരുതരമായ അഴിമതിയാരോപണങ്ങളുണ്ട്. പ്രളയത്തിന് ശേഷം കേരളത്തിന് ലഭിച്ച സഹായം പോലും തട്ടിയെടുക്കുകയായിരുന്നു ഇവിടത്തെ സർക്കാർ. അതേസമയം, നമ്പി നാരായണനെയും മോദി പ്രസംഗത്തിൽ പരാമർശിച്ചു. കോൺഗ്രസ് സർക്കാർ നമ്പി നാരായണനെ ദ്രോഹിച്ചതെങ്ങനെയാണെന്ന് അറിയാമല്ലോ എന്നാണ് മോദി ചോദിച്ചത്. അടുത്ത കാലത്ത് ബിജെപി അനുഭാവിയും ശബരിമല കർമസമിതി നേതാവുമായ മുൻ ഡിജിപി സെൻകുമാറിനെ വേദിയിലിരുത്തിയാണ് പ്രധാനമന്ത്രി ഇത് പറഞ്ഞതെന്നതാണ് ശ്രദ്ധേയം. 


ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. വൈകിട്ട് ആറ് മണിയോടെയാണ് പരിപാടി തുടങ്ങുക എന്നാണ് അറിയിച്ചിരുന്നതെങ്കിലും എട്ട് മണിയോടെയാണ് പ്രധാനമന്ത്രി എത്തിയത്. മാർത്താണ്ഡവർമയെയും വക്കം അബ്ദുൾഖാദർ മൗലവിയെയും സ്മരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K