18 April, 2019 09:38:25 AM


"സെക്രട്ടറിയുടെ തൊണ്ടയില്‍ കുടുങ്ങിയ മുള്ള് സുരേഷ് ഗോപിയുടെ അണ്ണാക്കില്‍ എങ്ങനെയെത്തി ?"




തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുള്ള തുളഞ്ഞുകയറിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്. ബുധനാഴ്ച ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് മുള്ള് തൊണ്ടയില്‍ കുടുങ്ങിയത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടയില്‍ കുടുങ്ങിയ മുള്ള് വലിയ താമസമില്ലാതെ ഡോക്ടര്‍മാര്‍ എടുത്ത് കളയുകയും ചെയ്തുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.


സുരേഷ് ഗോപിയുടെ സെക്രട്ടറി സിനോജിന്റെ തൊണ്ടയിലാണ് മീന്‍ മുള്ള് കുടുങ്ങിയത്. അദ്ദേഹം ചികിത്സ തേടിയെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. വലപ്പാട് പ്രചാരണത്തിനിടെ സുരേഷ് ഗോപിയുടെ സെക്രട്ടറി സിനോജിന്റെ തൊണ്ടയിലാണ് മുള്ള് കുടുങ്ങിയത്. അസ്വസ്ഥത തോന്നിയപ്പോള്‍ ഉടനെ വലപ്പാട്ടെ ആശുപത്രിയില്‍ ചികില്‍സ തേടി. അവിടെ ഡോക്ടറില്ലെന്ന് അറിഞ്ഞതോടെ തൊണ്ടയില്‍ മുള്ളുമായി തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ എത്തി. ഇ.എന്‍.ടി. വിദഗ്ധനെ കണ്ട് മുള്ളെടുത്തു. സുരേഷ് ഗോപിയാകട്ടെ മേക്കപ്പ് മാനെ ആശുപത്രിയിലാക്കിയ ശേഷം എസ്.എന്‍.ഡി.പിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയി. ഇതിനിടെയാണ്, മുള്ള് കുടുങ്ങിയ വിവരം പരന്നത്. ഇത് പറഞ്ഞ് പറഞ്ഞ് സുരേഷ് ഗോപിയുടെ തൊണ്ടയില്‍ കുടുങ്ങിയെന്ന വിധത്തില്‍ പ്രചരിക്കുകയായിരുന്നു.


ഉച്ചയാകുമ്പോള്‍ വോട്ടര്‍മാരുടെ വീടുകളില്‍ എത്തി ഭക്ഷണം ചോദിച്ച് വാങ്ങി കഴിക്കുകയാണ് സുരേഷ് ഗോപിയുടെ പതിവ്. ഇതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയകളില്‍ നിരവധി ട്രോളുകളും എത്തിയിരുന്നു. എന്നാല്‍ സിനിമകളില്‍ അഭിനയിക്കുന്ന് സമയത്തും ലൊക്കേഷന് അടുത്തുള്ള വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K