16 April, 2019 09:08:08 PM


നവജാതശിശുവിന്‍റെ ആരോഗ്യനില ഗുരുതരം; ശസ്ത്രക്രിയ 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം



കൊച്ചി: മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് എറണാകുളം അമൃത ആശുപത്രിയിലെ ഡോക്ടർമാർ. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് കുട്ടി. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ കുട്ടിയുടെ ശസ്ത്രക്രിയ സംബന്ധിച്ച തീരുമാനം എടുക്കാനാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു. സംസ്ഥാന സർക്കാരിന്‍റെ ഹൃദ്യം പദ്ധതിയുടെ കീഴിലാണ് കുട്ടിയുടെ ചികിത്സ.


സങ്കീർണമായ ഹൃദ്യോഗമാണ് കുട്ടിക്കുള്ളത്. ഹൃദയവാൽവിന്‍റെ ഗുരുതര തകരാറാണ് പ്രധാന പ്രശ്നം. ഒരു നാട് കൈക്കുമ്പിളിൽ എടുത്ത കുഞ്ഞുഹൃദയത്തെ കാത്തുപരിപാലിക്കുകയാണ് ആശുപത്രി അധികൃതരും. ശസ്ത്രക്രിയക്ക് മുമ്പ് വൃക്ക, കരള്‍, തലച്ചോറ് എന്നിവയുടെ പ്രവർത്തനം വിലയിരുത്തണം. അതിനായി മരുന്നുകള്‍ നൽകും. ഒപ്പം അണുബാധയില്ലെന്ന് ഉറപ്പും വരുത്തണം.


ഇവയെല്ലാം കൃത്യമായി പരിശോധിച്ച് കുഞ്ഞ് ശരീരം സാധാരണ നിലയിൽ ആക്കിയതിന് ശേഷം മാത്രം ആകും ശസ്ത്രക്രിയയിൽ തീരുമാനം എടുക്കുക. 24 മണിക്കൂറിന് ശേഷം അനുകൂലമായ തീരുമാനം പങ്ക് വയ്ക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ഡോക്ടർമാർ. കേരളം കൈകോർത്ത ദൗത്യത്തിന് പൂർണ പിന്തുണയേകി ആരോഗ്യമന്ത്രി തന്നെ പ്രശ്നത്തിൽ ഇടപെട്ടതാണ് കുഞ്ഞിന്‍റെ ചികിത്സയ്ക്ക് വഴിത്തിരിവായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K