14 April, 2019 07:55:07 AM


കൊല്ലത്ത് ചട്ടലംഘന പരാതികളുടെ കാര്യത്തില്‍ മത്സരിച്ച് എല്‍ഡിഎഫും യുഡിഎഫും




കൊല്ലം: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കൊല്ലത്ത് ചട്ടലംഘന പരാതികളുടെ കാര്യത്തില്‍ മത്സരിച്ച് എല്‍ഡിഎഫും യുഡിഎഫും. സമൂഹ്യമാധ്യങ്ങള്‍ വഴിയും ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ഇരു മുന്നണികളും. ഏതു വിധേയനയും മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫ് പ്രയത്നിക്കുമ്പോള്‍ തങ്ങളുടെ തട്ടകം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് എല്‍ഡിഎഫ്. 

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻ കെ പ്രേമചന്ദ്രൻ പ്രസംഗിച്ചെന്ന പരാതിയുമായി സിപിഎം സംസ്ഥാന സമിതിയംഗം കെ വരദരാജനാണ് ആദ്യം വരാണാധികാരി കൂടിയായ ജില്ലാ കളക്ടറെ സമീപിച്ചത്. ഭരണഘടനാപരമായി മാത്രമാണ് താൻ പ്രസംഗിച്ചതെന്ന്  തുടര്‍ന്ന് പ്രേമചന്ദ്രൻ കളക്ടര്‍ക്ക് വിശദീകരണം നല്‍കി. 

കൊല്ലം ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ 750 ദിവസമായി നടന്ന് വരുന്ന ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തില്‍ പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിന്‍റെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ചതാണ് യുഡിഎഫ് ഉന്നയിച്ച ചട്ടലംഘന പരാതി. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഡിവൈഎഫ്ഐ നേതൃത്വം ഉന്നയിക്കുന്നത്. ഈ പരാതിയില്‍ ഇതുവരെ കളക്ടര്‍ തുടര്‍നടപടി എടുത്തിട്ടില്ല. 

അവസാനഘട്ടത്തില്‍ മൂന്ന് മുന്നണികളും കേന്ദ്ര നേതാക്കളുള്‍പ്പെടെയുള്ളവരെയാണ് രംഗത്തിറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം തവണ ജില്ലയിലെത്തി. രാജ്നാഥ് സിംഗിന് പുറമേ നിര്‍മ്മല സീതാരാമനാണ് അടുത്ത് എൻഡിഎയ്ക്കായി എത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരുന്ന ചൊവ്വാഴ്ച കൊല്ലത്ത് എത്തും. ശബരിമല വിഷയം വച്ച് പരമാവധി വോട്ട് മറിക്കാനൊരുങ്ങുകയാണ് ബിജെപി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K