11 April, 2019 02:10:23 PM


രാഹുൽ ഗാന്ധിക്കെതിരെ വധശ്രമം:നെറ്റിയിലേക്ക് ലേസര്‍ സ്നിപര്‍ ഗണിന്‍റെ രശ്മികള്‍ പതിച്ചത് 7 തവണ

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി ആരോപണം. അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്നിപര്‍ ഗണിന്‍റെ രശ്മികള്‍ പതിച്ചതായാണ് ആരോപണം. ആരോപണവുമായി ബന്ധപ്പെട്ട ചില വീഡിയോ ദൃശ്യങ്ങളും പാര്‍ട്ടി പുറത്തു വിട്ടിട്ടുണ്ട്.
 
അമേഠിയില്‍ ബുധനാഴ്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും മുന്‍പ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയിരുന്നു. ഈ റോഡ് ഷോയില്‍ രാഹുലിന്‍റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ ഗുരുതരമായ പാളിച്ച സംഭവിച്ചുവെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്. റോഡ് ഷോയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുമായി രാഹുല്‍ സംസാരിക്കുന്നതിനിടെയാണ് പച്ചനിറത്തിലുള്ള ഒരു ലേസര്‍ രശ്മി അദ്ദേഹത്തിന്‍റെ തലയില്‍ പലവട്ടം പതിച്ചത്.
 
രാഹുലിന്‍റെ തലയില്‍ പതിച്ച രശ്മി ഒരു സ്നിപര്‍ ഗണില്‍ (വളരെ ദൂരെ നിന്നും വെടിയുതിര്‍ക്കാന്‍ സാധിക്കുന്ന തോക്ക്)  നിന്നും വന്നതാവാം എന്ന സംശയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വയക്കുന്നത്. രാഹുല്‍ ഗാന്ധിയെ വധിക്കാനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. രാഹുലിന്‍റെ തലയില്‍ രശ്മി പതിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിങിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കൈമാറിയതായി കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K